കൊല്ലം: യൂണിവേഴ്സിറ്റികളിലെ ഗവേഷണപഠനമടക്കം എല്ലാ ഉന്നത പഠനങ്ങൾക്കും മാതൃഭാഷയായിരിക്കണം മാദ്ധ്യമമെന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മലയാളദിനാഘോഷവും ഭരണഭാഷ വാരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിൻഡിക്കേറ്റ് അംഗം അഡ്വ. ബിജു കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസിലർ ഇൻ ചാർജ്ജും പരീക്ഷാ കൺട്രോളറുമായ ഡോ. ജെ. ഗ്രേഷ്യസ് ആമുഖ പ്രഭാഷണം നടത്തി. രജിസ്ട്രാർ ഇൻ ചാർജ് ആൻഡ് സൈബർ കൺട്രോളർ ഡോ. എം. ജയമോഹൻ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിൻഡിക്കേറ്റ് അംഗം ഡോ. കെ. ശ്രീവത്സൻ, എഴുത്തുകാരൻ ഡോ. കെ. പ്രസന്നരാജൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ ഡോ. പി. രാഘവൻ സ്വാഗതവും മലയാള വിഭാഗം വകുപ്പ് മേധാവി എ.പി. അശ്വനി നന്ദിയും പറഞ്ഞു.