പോരുവഴി: കൈയിൽ ഒരു രൂപയുണ്ടോ എന്നാൽ ഒരു ലിറ്റർ വെള്ളം കിട്ടും. കുടിവെള്ളം കിട്ടുന്ന വാട്ടർ എ.ടി.എം പദ്ധതിയുമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്. കിണറിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റർ ടാങ്കിൽ സംഭരിച്ച് വാട്ടർ എ.ടി.എം വഴി നൽകും. ഇതിന് രണ്ട് ടാപ്പുകളുണ്ട്. ഒന്നിൽ ഒരു രൂപയിട്ടാൽ ഒരു ലിറ്റർ തണുത്തവെള്ളവും മറ്റൊന്നിൽ അഞ്ച് രൂപയിട്ടാൽ അഞ്ച് ലിറ്റർ സാധാരണ വെള്ളവും ലഭിക്കും. ശുദ്ധജലം ഉറപ്പുവരുത്താനും പ്ലാസ്റ്റിക്ക് ബോട്ടിലിന്റെ ഉപയോഗം കുറയ്ക്കാനും ഇതുവഴി സാധിക്കും. ചുരുങ്ങിയ ചെലവിൽ ഗുണമേന്മയുള്ള കുടിവെള്ളം യാത്രക്കാർക്കും മറ്റും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട ജംഗ്ഷനിൽ ടേക്ക് എ ബ്രേക്കിന് മുൻവശത്താണ് വാട്ടർ എ.ടി.എം സ്ഥാപിച്ചിരിക്കുന്നത്.
ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.രതീഷ്, എസ്.ഷീജ, കെ.സനിൽകുമാർ, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, അഡ്വ.അൻസാർ ഷാഫി, വൈ.ഷാജഹാൻ,ആർ. രാജി, രാജി രാമചന്ദ്രൻ, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് അംഗം എം.രജനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.