കൊല്ലം: മനസിന്റെ സ്വസ്ഥത നിലനിറുത്താൻ മനസിരുത്തണമെന്നും മനസ് പ്രശാന്തമാണെങ്കിൽ വിശകലനശേഷി വർദ്ധിക്കുമെന്നും സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. അനുഭവങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും കർമോത്സാഹത്തെ ബാധിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 41 ദിവസം നീണ്ടു നിൽക്കുന്ന വ്യാസപ്രസാദം 24ന്റെ വേദിയിൽ പത്തൊൻപതാം ദിന പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും മുമ്പിൽ നിശ്ചിന്തരും നിശ്ചേഷ്ടരും ആയിപ്പോവുന്ന ദൗർഭാഗ്യം മറികടക്കണം. പ്രശ്നങ്ങളെയും വ്യക്തികളെയും കൂട്ടിക്കുഴയ്ക്കാതെ വകതിരിച്ചറിയാനുള്ള ശീലം വളർത്തണം. പ്രശ്നത്തിൽ ബന്ധപ്പെടുന്ന വ്യക്തികളുടെ വികാര, വിചാരങ്ങളെയും ശേഷികളെയും ആവശ്യങ്ങളെയും മനസിലാക്കാൻ കഴിയണം. ഒരോന്നും ഇഴപിരിച്ചെടുത്ത് സമഗ്രം ആലോചിച്ച് ഉത്തമ തീരുമാനം കൈക്കൊള്ളാൻ കഴിയുന്നതാണ് കുശലത. കാര്യങ്ങൾ വൃത്തിയായി ചെയ്ത് ഒട്ടലില്ലാതെ മുന്നേറാനുള്ള സാമർത്ഥ്യമാണ് കുശലത. ഭഗവാന്റെ ദൃഷ്ടിയിൽ കുശലത യോഗമാണ്. സമാധിയിൽ അഥവാ ആത്മതത്വത്തിൽ ബുദ്ധി അചഞ്ചലമായിരിക്കുന്നതും യോഗമാണ്. മനസ് തെളിവോടെ ശാന്തഭാവത്തെ കൈക്കൊണ്ടാൽ ധ്യാനാത്മക ഭാവം അനായാസമാവും. സ്ഥിത പ്രജ്ഞന്റെ ലക്ഷണങ്ങൾ ഭഗവാൻ ഒന്നൊന്നായി ചൂണ്ടിക്കാട്ടുന്നത് പഠിച്ചു പരിശീലിക്കാവുന്നതാണ്. അപ്രാപ്യമാണെന്ന് കരുതി മാറ്റി നിറുത്തേണ്ട കാര്യമില്ലെന്നും സ്വാമി പറഞ്ഞു. പ്രഭാഷണ പരമ്പര എന്നും വൈകിട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്ക്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിലാണ് നടക്കുന്നത്.