
കൊല്ലം: അമ്മയ്ക്ക് ആദ്യം ഗിന്നസ് റെക്കാഡ്. ഇപ്പോൾ മകൾക്കും. വീട്ടുപേര് ഗിന്നസ് വാലി. കൊല്ലം കടയ്ക്കലാണ് കൗതുക കുടുംബം. മെമ്മറി പരിശീലക ശാന്തി 2017ൽ റെക്കാഡിട്ടത്, ക്രമം തെറ്റിയ 45 വസ്തുക്കൾ ഒരു മിനിട്ടിൽ ക്രമപ്പെടുത്തിയാണ്. കഴിഞ്ഞ മാസം മകൾ 10 വയസുകാരി യാമി ഗണിതശാസ്ത്രത്തെ അമ്മാനമാടി ഞെട്ടിച്ചു.
2.7182818284... എന്നിങ്ങനെ ഓയ്ലർ നമ്പറിന്റെ 560 സ്ഥാനങ്ങൾ ഓർത്തുപറയാൻ യാമിയെടുത്തത് 5 മിനിറ്റും 41.09 സെക്കൻഡും.മൂന്ന് ബാളുകൾ നിലത്തുവീഴാതെ അമ്മാനമാടിക്കൊണ്ട് ആദ്യ 500 അക്കങ്ങൾ പറയാനാണ് ഗിന്നസ് അതോറിട്ടി നിർദ്ദേശിച്ചത്.
ഒക്ടോബർ 6ന് കടയ്ക്കൽ ടൗൺ എൽ.പി.എസിലായിരുന്നു പ്രകടനം. ഗിന്നസ് പ്രതിനിധികൾക്ക് മുന്നിൽ. സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കും.
കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ കാലയളവ്, വർഷവും മാസവും തീയതിയും ഉൾപ്പെടെ പറഞ്ഞ് യാമി ദേശീയ റെക്കാഡിട്ടിരുന്നു. കടയ്ക്കൽ ഗവ. യു.പി.എസിലെ 5-ാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മയും മനഃശാസ്‌ത്ര കൗൺസലറായ അച്ഛൻ അനിത് സൂര്യയുമാണ് പരിശീലകർ. മൂന്നുമാസം കൊണ്ട് യാമി പരിശീലനം പൂർത്തിയാക്കി. സഹോദരങ്ങൾ യാനി, യാൻവി
വീട്ടു പേരിന് പിന്നിൽ
ശാന്തി ഗിന്നസ് നേടിയതിനു പിന്നാലെ വീടുവച്ചപ്പോൾ ഗിന്നസ് എന്ന് പേരിട്ടു. ശാന്തിയുടെ ഓൺലൈൻ മെമ്മറി ക്ളാസിൽ വിവിധ രാജ്യങ്ങളിലെ 5 മുതൽ 45 വയസുവരെയുള്ളവരുണ്ട്. പലരും വിവിധ റെക്കാഡുകൾ നേടിയവർ. ഇക്കാര്യം പറഞ്ഞപ്പോഴാണ് യാമിക്കും റെക്കാഡ് മോഹമുദിച്ചത്.
ഓയ്ലർ (Euler)
1685ൽ സ്വിസ് ഗണിത ശാസ്‌ത്രജ്ഞൻ ലിയൊണാർഡ് ഓയ്‌ലർ കണ്ടുപിടിച്ചു
ഒരു ഗണിത സ്ഥിരാങ്കം
 സൂചിപ്പിക്കാൻ 'e' എന്ന ചിഹ്നം
 പൈ (π) പോലെ അവിഭാജ്യ സംഖ്യ
 ലോഗരിതത്തിന്റെ അടിസ്ഥാനം
 മൂല്യം ആവർത്തിക്കില്ല, അവസാനിക്കുന്നുമില്ല
 എല്ലാ ശാസ്‌ത്രശാകളിലും ഉപയോഗിക്കുന്നു