t
എം. മുകേഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച കുഴൽക്കണർ തുരുമ്പടിച്ച നിലയിൽ

അഞ്ചാലുംമൂട്: പനയം പഞ്ചായത്തിലെ കണ്ടച്ചിറ, താന്നിക്കമുക്ക്, പാമ്പാലിൽ, അമ്പഴവയൽ എന്നിവിടങ്ങളിലെ 1000ൽ അധി​കം കുടുംബങ്ങൾക്കു വേണ്ടി​ സ്ഥാപി​ച്ച കുഴൽക്കി​ണർ ഒരു വർഷം പി​ന്നി​ട്ടി​ട്ടും പ്രവർത്തിക്കാത്തതിനാൽ പ്രദേശങ്ങളി​ൽ കുടി​വെള്ളക്ഷാമം രൂക്ഷം. വാട്ടർ അതോറിട്ടി​യുടെ പൈപ്പ് ലൈൻ വെള്ളമായിരുന്നു ഈ കുടുംബങ്ങളുടെ ഏക ആശ്രയം. ഇത് ആവശ്യത്തി​ന് ഉപകരി​ക്കാതെ വന്നപ്പോഴാണ് കുഴൽക്കി​ണർ സ്ഥാപി​ച്ചത്. അതും വെറുതെയായി.

കണ്ടച്ചിറ കായൽ വാരത്തുണ്ടായി​രുന്ന പഴയ കുഴൽകിണർ തകരാറിലായതോടെ, എം.മുകേഷ് എം.എൽ.എ പുതിയ കിണറിനായി 9.06 ലക്ഷം അനുവദിക്കുകയായിരുന്നു. കുഴൽ കിണർ നിർമ്മിച്ചെങ്കിലും വർഷം ഒന്ന് കഴിഞ്ഞിട്ടും പ്രവർത്തന സജ്ജമാക്കാൻ വാട്ടർ അതോറിട്ടി​ അധി​കൃതർ നടപടി​ സ്വീകരി​ക്കുന്നി​ല്ല. നിലവിൽ താന്നിക്കമുക്ക് ജംഗ്ഷനിലെ കുഴൽ കിണറിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ ഈ വെള്ളം കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. താഴ്ന്ന പ്രദേശമായ താവിട്ട് ഭാഗത്ത് വെള്ളം നൂൽ പരുവത്തിൽ ലഭിക്കുന്നതിനാൽ ടാങ്ക് നിറയാത്ത അവസ്ഥയുണ്ട്. ഇവി​ടെ 20 കുടുംബങ്ങളാണ് വാട്ടർ അതോറിട്ടി​ പൈപ്പ് ലൈനിലെ വെള്ളത്തിന് ഒഴുക്കില്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നത്. പല കുടുംബങ്ങളും വലിയ വിലകൊടുത്താണ് വെള്ളം വാങ്ങുന്നത്.

വെള്ളമില്ലെങ്കിലും ബില്ല് റെഡി!


കുഴൽകിണറിന്റെ പ്രവർത്തനം തുടങ്ങാത്തതിനാൽ കണ്ടച്ചിറയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെങ്കിലും ബില്ല് കൃത്യമായി എത്തുന്നുണ്ട്. ഇവിടങ്ങളിലെ പൈപ്പുകൾ തുറന്നാൽ 'ശൂന്യത'യാണ് എപ്പോഴും! പക്ഷേ ഇതിനും വാട്ടർ അതോറിട്ടി വില ഈടാക്കുന്നതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. വെള്ളത്തിന് ഒഴുക്ക് കുറവുള്ള താവിട്ട് ഭാഗത്ത് മീറ്റർ റീഡിംഗ് കൂടുതലാണെന്നും ഇത് മൂലം ബിൽ ഇനത്തിൽ വാട്ടർ അതോറിട്ടിക്ക് കൂടുതൽ തുക നൽകേണ്ട അവസ്ഥയാണെന്നും ഉപഭോക്താക്കൾ പറയുന്നു.


ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്. അടിയന്തരമായി കണ്ടച്ചിറ കായൽവാരത്തെ പുതിയ കുഴൽകിണർ പ്രവർത്തന സജ്ജമാക്കാൻ നടപടി സ്വീകരിക്കണം. തുടർന്നും പമ്പ് ഹൗസ് പ്രവർത്തന സജ്ജമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ കോൺഗ്രസ് സംഘടിപ്പിക്കും


വി.പി. വിധു,

കോൺഗ്രസ് പനയം മണ്ഡലം പ്രസിഡന്റ്

......................................

കുഴൽകിണർ ഉടൻ പരിശോധിച്ച് പ്രവർത്തന സജ്ജമാക്കും. വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കും

വാട്ടർഅതോറിട്ടി അധികൃതർ