 
കൊല്ലം: സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് മെഡിസിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പാർക്ക് ഗ്ലോബൽ ഓർഗനൈസേഷനിൽ അമൃത വിശ്വവിദ്യാപീഠത്തിന് അംഗത്വം ലഭിച്ചു. സ്പാർക്ക് ഗ്ലോബൽ ചാർട്ടർ പ്രകാരം അമൃത സർവകലാശാലയിലെ പ്രൊവോസ്റ്റ് ഡോ. മനീഷ രമേഷ്, ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ എന്നിവരെ സ്പാർക്ക് ഗ്ലോബലിന്റെ ജോയിന്റ് ലോക്കൽ ഡയറക്ടർമാരായി തിരഞ്ഞെടുത്തു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് സ്പാർക്ക് ഗ്ലോബൽ ഓർഗനൈസേഷനിൽ അംഗത്വം ലഭിക്കുന്നത്.
ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ നടക്കുന്ന ഗവേഷണങ്ങളും പഠനങ്ങളും മെച്ചപ്പെടുത്താനുള്ള മികച്ച അവസരമാണ് സ്പാർക്ക് ഗ്ലോബൽ അംഗത്വത്തിലൂടെ ലഭിക്കുന്നതെന്നും സ്പാർക്ക് ഗ്ലോബലിൽ അംഗങ്ങളായ മറ്റു സ്ഥാപനങ്ങളുമായും ലബോറട്ടറികളുമായും കൂടുതൽ ഗവേഷണങ്ങൾക്ക് സഹകരിക്കാൻ ഇതിലൂടെ സാദ്ധ്യമാകുമെന്നും അമൃത സ്‌കൂൾ ഒഫ് ബയോടെക്നോളജിയിലെ പ്രൊഫസറും അമൃത യൂണിവേഴ്സിറ്റി ലൈഫ് സയൻസസ് ഡീനുമായ ഡോ. ബിപിൻ നായർ പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള ശാസ്ത്ര പ്രോജക്ടുകൾക്കും പഠനങ്ങൾക്കും പിന്തുണ നൽകാൻ ആരംഭിച്ച സ്പാർക്ക് ഗ്ലോബലിന്റെ പ്രധാന ലക്ഷ്യം അക്കാഡമിക് മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളെ പിന്തുണയ്ക്കുക എന്നതാണ്.