photo
കൊട്ടാരക്കര ഗവ.ആയുർവേദ ആശുപത്രിയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ മാതൃക

കൊട്ടാരക്കര: ഗവ.ആയുർവേദ ആശുപത്രി ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയായി മാറും. ആയുർവേദ ചികിത്സയ്ക്ക് പുറമെ സിദ്ധ, യോഗ, യുനാനി, നാച്വറോപ്പതി ചികിത്സാ സൗകര്യങ്ങളാണ് എത്തുന്നത്. ഇതിനായി 9.5 കോടി രൂപയുടെ കെട്ടിട നിർമ്മാണം ഉടൻ തുടങ്ങും. 4 നിലകളിലായി 23,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിട സമുച്ചയമാണ് നിർമ്മിക്കുക. കൊല്ലം- തിരുമംഗലം ദേശീയപാതയോരത്തും കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തുമുള്ള ആശുപത്രിയെന്ന നിലയിൽ പ്രാദേശിക പരിഗണനയില്ലാതെ കൂടുതൽ ആളുകളെത്തുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ അടുത്ത ഘട്ടമായി കൂടുതൽ വികസന പദ്ധതികളും ഇവിടേക്ക് എത്തും. 1.47 ഏക്കർ ഭൂമിയാണ് ആശുപത്രിക്കുള്ളത്. കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടതായി വരും.

9.5 കോടി രൂപയുടെ കെട്ടിടം

4 നിലകൾ

23,000 ചതുരശ്ര അടി വിസ്തൃതി

1.47 ഏക്കർ ഭൂമി

30 കിടക്കകളുള്ള ആശുപത്രി

ഉടൻ ടെണ്ടർ

മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായിട്ടാണ് ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി എത്തുന്നത്. ആശുപത്രിയുടെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. ഈ മാസം ടെണ്ടർ നടത്തും. പിന്നീട് നിർമ്മാണോദ്ഘാടനം നടത്തും.