 
കൊല്ലം: രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച കാറിൽ നിന്ന് ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30ന് രാമൻകുളങ്ങര സംഗീത ജംഗ്ഷന് പടിഞ്ഞാറ് മേലൂർകുളങ്ങര കളരിക്ക് സമീപമാണ് സംഭവം.
മരുത്തടി കന്നിമേൽചേരി സരളാലയത്തിൽ പ്രദീപ്കുമാറിന്റെ എക്കോ സ്പോട്ട് കാറാണ് അഗ്നിക്കിരയായത്. പ്രദീപ് കുമാറും ഭാര്യയും കാറിൽ തെക്കുംഭാഗത്തേക്ക് പോകുകയായിരുന്നു. ദേശീയപാതയിൽ നിന്നു തിരിഞ്ഞ് പടിഞ്ഞാറോട്ട് പോകുന്നതിനിടെ കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രദീപ് കുമാർ കാർ നിറുത്താൻ ശ്രമിച്ചെങ്കിലും ബ്രേക്ക് കിട്ടിയില്ല. തുടർന്ന് ഹാൻഡ് ബ്രേക്കിട്ട് നിറുത്തിയെങ്കിലും ചൂട് കൂടിയതിനെതുടർന്ന് സെൻസറുകളിലുണ്ടായ വ്യതിയാനം മൂലം ഡോർ ലോക്ക് തുറക്കാനാവാത്ത അവസ്ഥയായി. ഓടിക്കൂടിയ നാട്ടുകാർ ബലമായി കാറിന്റെ ഡോർ തുറന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഇവർ പുറത്തിറങ്ങി നിമിഷനേരം കൊണ്ട് കാർ ആളിക്കത്തി. സമീപത്ത് ട്രാൻസ്‌ഫോർമർ ഉണ്ടായിരുന്നെങ്കിലും തീപിടിച്ച ഉടനെ കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
കാറിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും പണവും കത്തിനശിച്ചു. ചാമക്കടയിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. കാറിൽ പെട്രോളിന്റെ അളവ് കുറവായിരുന്നതിനാലാണ് പൊട്ടിത്തെറിക്കുന്ന സാഹചര്യം ഒഴിവായതെന്നും ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നുമാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. ചാമക്കട ഫയർ സ്റ്റേഷൻ ഓഫീസർ ഉല്ലാസിന്റെ നേതൃത്വത്തിൽ സിനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ചന്ദ്രകാന്ത്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഷഫീക്ക്, അശോക് ചന്ദ്രൻ, സന്ദീപ്, കൃപദേവൻ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഡ്രൈവർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.