കൊല്ലം: എച്ച്. ബെയ്സിൽ ലാലിനെ സി.പി.എം കൊല്ലം ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിൽ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റാണ്. നിലവിലുണ്ടായിരുന്ന 21 അംഗ കമ്മിറ്റിയിൽ നിന്ന് മുതിർന്ന നേതാവ് എൻ. പത്മലോചനൻ, അഡ്വ. ഇ. ഷാനവാസ് ഖാൻ, എസ്. രാജ്മോഹൻ, അഡ്വ. പാരിപ്പള്ളി വിജയൻ എന്നിവർ ഒഴിവായി. ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി യു. പവിത്ര, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വിഷ്ണു, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈൻദേവ്, പോളയത്തോട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ബി. ജയകുമാർ എന്നിവരെ പുതുതായി ഉൾപ്പെടുത്തി.
ജില്ലാ സെന്റർ നിർദ്ദേശം തള്ളി
മുൻ മേയർ വി. രാജേന്ദ്രബാബുവിനെ ഏരിയാ സെക്രട്ടറിയായി നിർദ്ദേശിക്കാനായിരുന്നു ജില്ലാ സെന്ററിന്റെ തീരുമാനം. കൊല്ലം ഏരിയയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്. സുദേവൻ ജില്ലാ സെന്ററിന്റെ നിർദ്ദേശം മുന്നോട്ടുവച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ആർ.എസ്. ബാബു എന്നിവർ ജില്ലാ സെന്ററിന്റെ നിർദ്ദേശത്തെ പിന്തുണച്ചു. എന്നാൽ ഏരിയാ സെക്രട്ടറി എ.എം. ഇക്ബാൽ, സബിദാബീഗം, വിശ്വനാഥൻ എന്നിവർ എച്ച്. ബേയ്സിൽലാലിന്റെ പേര് മുന്നോട്ടുവച്ചു. ജില്ലാ സെന്ററിന്റെ തീരുമാനവുമായി മുന്നോട്ടുപോയാൽ ഏരിയാകമ്മിറ്റിയിൽ മത്സരത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമുയർന്നു. ഇതോടെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലെ ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കുകയായിരുന്നു. പുതിയ ഏരിയാ കമ്മിറ്റിയിൽ എ.എം. ഇക്ബാൽ സെക്രട്ടറിയായി ബെയ്സിൽലാലിന്റെ പേര് മുന്നോട്ടുവച്ചു. വ്യത്യസ്ത അഭിപ്രായങ്ങളില്ലാതെ ഐക്യകണ്ഠേന അംഗീകരിച്ചു.