കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വില്പനയിൽ വൻ ക്രമക്കേടെന്ന വിജിലൻസ് റിപ്പോർട്ടി​നെത്തുടർന്ന് ഉണ്ണിയപ്പം വില്പനയുടെ ചുമതലയുള്ള കീഴ്ശാന്തിയെ ദേവസ്വം കീഴ്ശാന്തി നിയമന നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കി. ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകും. അപ്രധാന ക്ഷേത്രത്തിലേക്ക് മാറ്റണമെന്ന് റിപ്പോർട്ടിൽ ഉള്ളതായി ഡെപ്യൂട്ടി ദേവസ്വം കമ്മി​ഷണറുടെ സർക്കുലറിൽ വ്യക്തമാക്കി.

അനധികൃത ഉണ്ണിയപ്പം വില്പനയിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് മേയ് 21ന് സൂപ്രണ്ട് ഒഫ് പൊലീസ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ദേവസ്വം കൗണ്ടർ വഴി ഉണ്ണിയപ്പം വിതരണം ചെയ്യാതെ കീഴ്ശാന്തി പണംവാങ്ങി നേരിട്ട് വിതരണം ചെയ്യുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. നിശ്ചയിച്ച പണമടച്ച് ദേവസ്വം രസീത് വാങ്ങുമ്പോഴാണ് തുക ബോർഡിന് ലഭിക്കുന്നത്. ഒരു കവർ ഉണ്ണിയപ്പത്തിന് 40 രൂപയാണ്. ഇതിൽ 18 രൂപ ദേവസ്വം ബോർഡിനും 22 രൂപ ഉണ്ണിയപ്പത്തിന്റെ ചുമതലയുള്ള കീഴ്ശാന്തിക്കുമാണ്. രസീത് നൽകാതെ വിൽക്കുമ്പോൾ മുഴുവൻ പണവും കീഴ്ശാന്തിക്ക് ലഭിക്കും. കഴിഞ്ഞ ഉത്സവകാലത്ത് രസീത് നൽകാതെ വ്യാപക വില്പന നടത്തിയത് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം നടത്തിയത്. കൂടുതൽ ഉണ്ണിയപ്പം ആവശ്യമുള്ളവർക്ക് രസീത് നൽകാതെ പണം കൈപ്പറ്റി നേരിട്ട് നൽകുന്നതായിരുന്നു രീതി. ഞായറാഴ്ചകളിൽ 15,000 കവർ വരെ വിൽപ്പന നടക്കാറുണ്ട്. മറ്റ് വിശേഷ ദിവസങ്ങളിൽ ഇതിൽ കൂടും.

നറുക്കെടുപ്പിൽ ഇനി 11 പേർ

കുലശേഖരനല്ലൂർ ഗ്രൂപ്പിൽപ്പെട്ട പി.ഡി മണികണ്ഠേശ്വരം ദേവസ്വത്തിലെ (ഗണപതി ക്ഷേത്രം) കീഴ്ശാന്തി തിരഞ്ഞെടുപ്പിലേക്ക് 12 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിലവിലെ കീഴ്ശാന്തി കെ.ആർ.സഞ്ജയന്റെ അപേക്ഷയാണ് നിരസിച്ചത്. ശേഷിക്കുന്ന 11 പേരുകൾ നറുക്കിടും.