ഇരവിപുരം: അഭിഭാഷകനെയും ബന്ധുവിനെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ ഇരവിപുരം പൊലീസിന്റെ പിടിയിലായി. പള്ളിമുക്ക് ഇഞ്ചക്കൽ പടിഞ്ഞാറ്റത്തിൽ സക്കീർ ഹുസൈൻ (47), രണ്ടാംപ്രതി മാടൻ നടയിൽ ചായക്കച്ചവടം നടത്തുന്ന സാബു (50) എന്നിവരാണ് പിടിയിലായത്.

സെപ്തംബർ 1ന് അറസ്റ്റിലായ പ്രതികൾ ഉൾപ്പെടെ 5 അംഗസംഘം പള്ളിമുക്ക് കൊല്ലൂർവിള നഗറിൽ താമസിക്കുന്ന അഭിഭാഷകൻ അജാസ് അസീമിനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ചുവെന്നാണ് കേസ്. ചെടിച്ചട്ടിയും ഇഷ്ടികയും ഹെൽമെറ്റും കൊണ്ടുള്ള ആക്രമണത്തിൽ അജാസിനും ഭാര്യാസഹോദരിയുടെ ഭർത്താവായ ഹാഷിമിനും സാരമായി പരിക്കേറ്റുന്നു. ഇരവിപുരം പൊലീസ് വധശ്രമത്തിന് കേസെടുത്തതോടെ പ്രതികളെല്ലാം ഒളിവിൽ പോയി. ഒന്നും രണ്ടും പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതോടെയാണ് ഇരവിപുരം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.