kinar-
വലിയ ശബ്ദത്തോടെ വെള്ളം പൂർണമായും ഉൾവലിഞ്ഞ എഴുകോൺ മൂഴിയിലെ കിണർ .

എഴുകോൺ : കിണറിനുള്ളിൽ നിന്നുണ്ടായ വലിയ ശബ്ദവും വെള്ളം പൂർണമായി ഉൾവലിഞ്ഞതും വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. എഴുകോൺ മൂഴിയിൽ കല്യാണിയിൽ സുനിൽദത്തിന്റെ വീട്ടിൽ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. വീടിന് വെളിയിൽ നിന്ന് ഭൂ ചലന സമയത്തേത് പോലെ ഉഗ്ര ശബ്ദം വന്നതോടെ വീട്ടുകാർ വീടിന് വെളിയിലേക്ക് ഓടി മാറി. ശബ്ദം കേട്ട് പരിസരവാസികളും ഓടിയെത്തി. ശബ്ദം കിണറിനുള്ളിൽ നിന്നാണെന്ന് മനസിലായതോടെ നടത്തിയ പരിശോധനയിലാണ് വെള്ളം പൂർണമായി ഉൾവലിഞ്ഞതായി കണ്ടത്. മുക്കാൽ അടിയുടെ 30 തൊടി ആഴമുള്ള കിണറിൽ നിറയെ വെള്ളം ഉണ്ടായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എഴുകോൺ പൊലീസും ഭൂഗർഭ ജല അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കിണറിന്റെ അടിത്തട്ടിൽ നാല് അടിയോളം ചെളി ഉൾ വലിഞ്ഞിട്ടുള്ളതായി പരിശോധനയിൽ ബോധ്യപ്പെട്ടു. ചെളി കൂടുതലുള്ള കിണറുകളിൽ വർഷങ്ങൾക്ക് ശേഷം ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് ഭൂഗർഭ ജല വകുപ്പ് അധികൃതർ പറയുന്നത്. ഇന്നലെ രാവിലെയോടെ രണ്ട് തൊടിയോളം വെള്ളം കിണറിൽ ഊറിയിട്ടുണ്ട്. വീട്ടുകാരുടെ പരിഭ്രാന്തി ഇപ്പോഴും മാറിയിട്ടില്ല. ജിയോളജി അധികൃതർ സ്ഥലം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരും പറയുന്നത്.