രണ്ടാം ഘട്ട ടാർഗറ്റ് പൂർത്തിയാക്കാൻ പാടുപെടും
കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജന-2 (പി.എം.എ.വൈ) ഗ്രാമീൺ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ കൂറ്റൻ ടാർഗറ്റ് പൂർത്തിയാക്കാൻ എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിൽ തദ്ദേശ സ്ഥാപനങ്ങൾ. അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച ടാർഗറ്റ് വിഭജിച്ച് 15,160 വീടുകളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഈ സാമ്പത്തികവർഷം 50 മുതൽ 80 വീടുകൾക്കുള്ള പണം നൽകണമെന്നാണ് പഞ്ചായത്തുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ അഞ്ച് വീടുകൾക്കുള്ള പണം പോലും നൽകാനില്ലാത്ത അവസ്ഥയിലാണ് പല പഞ്ചായത്തുകളും.
പി.എം.എ.വൈ പദ്ധതി പ്രകാരം ഒരു വീടിന് 4 ലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 1.20 ലക്ഷം രൂപ മാത്രമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ബാക്കി 2.80 ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. ഒരോ വീടിനും 98,000 രൂപ വീതം ജില്ലാ പഞ്ചായത്ത് നൽകണം. ഓരോ വർഷവും 3000 വീടുകൾ പൂർത്തിയാക്കാൻ തീരുമാനിച്ചാൽ ജില്ലാ പഞ്ചായത്ത് 29.40 കോടി രൂപ പദ്ധതി വിഹിതമായി നൽകേണ്ടി വരും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന് 1802 വീടുകളാണ് നൽകിയിട്ടുള്ളത്.1.12 ലക്ഷം രൂപയാണ് ഓരോ വീടിനും ബ്ലോക്ക് പഞ്ചായത്ത് നൽകേണ്ടത്. ടാർഗറ്റിനെ അഞ്ചായി വിഭജിച്ച് ഓരോ വർഷവും 360 വീടുകൾക്കായി 4 കോടി വീതം നീക്കിവയ്ക്കേണ്ടിവരും.
ഒട്ടുമിക്ക പഞ്ചായത്തുകൾക്കുന 350 വീടുകൾക്ക് മുകളിൽ നൽകിയിട്ടുണ്ട്. 387 വീടുകൾ അനുവദിച്ചിട്ടുള്ള ചിതറ പഞ്ചായത്ത് പദ്ധതിക്കായി ഓരോ വർഷവും 53 ലക്ഷം രൂപ വിനിയോഗിക്കണം.
ഒപ്പമുണ്ട് ലൈഫ്
പി.എം.എ.വൈക്ക് പുറമേ സംസ്ഥാന സർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതിയായ ലൈഫിനും വീടുകളുടെ അറ്റകുറ്റപ്പണിക്കും തദ്ദേശ സ്ഥാപനങ്ങൾ പണം നീക്കിവയ്ക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ വാർഷികപദ്ധതി വിഹിതം അനുവദിക്കുമെങ്കിലും വിനിയോഗിക്കേണ്ട പദ്ധതികൾ കൂടി നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വാർഷിക പദ്ധതിയിൽ നിന്നു പി.എം.എ.വൈ.എക്കായി കാര്യമായി പണം ചെലവിടാനാകില്ല.
പി.എം.എ.വൈ പദ്ധതി പ്രകാരം 70 വീടുകൾക്കുള്ള പണം നീക്കിവയ്ക്കണമെന്നാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ അഞ്ച് വീടുകൾക്കുള്ള പണം പോലും നീക്കിവയ്ക്കാനില്ല
ഒരു പഞ്ചായത്ത് സെക്രട്ടറി
.......................................................
അനുവദിച്ച വീടുകളുടെ എണ്ണം ബ്ലോക്ക് അടിസ്ഥാനത്തിൽ
അഞ്ചൽ- 1689 ചടയമംഗലം- 1802 ചവറ- 907 ചിറ്റുമല- 1390 ഇത്തിക്കര- 1243 കൊട്ടാരക്കര- 863 മുഖത്തല- 1246 ഓച്ചിറ- 1068 പത്തനാപുരം-1588 ശാസ്താംകോട്ട- 1941 വെട്ടിക്കവല- 1423
ഒരു വീടിന് 4 ലക്ഷം
കേന്ദ്ര സർക്കാർ വിഹിതം: 1.20 ലക്ഷം
പഞ്ചായത്ത്: 70,000 രൂപ
ബ്ലോക്ക് പഞ്ചായത്ത്: 1.12 ലക്ഷം
ജില്ലാ പഞ്ചായത്ത്: 98,000 രൂപ