 
കൊല്ലം: ലണ്ടൻ ഫാഷൻ വീക്കിൽ മൊട്ടിട്ട പ്രണയത്തിനൊടുവിൽ കൊല്ലം സ്വദേശിക്ക് വധുവായി ലണ്ടൻ സുന്ദരി. അറബിക്കടലിനോടു ചേർന്നുള്ള കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മലയാളത്തനിമയിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ ഇന്നലെ ഇരുവരും ഒന്നായി.
കൊല്ലം നെടുമൺകാവ് സ്വദേശി കെ.എസ്. ഹരികൃഷ്ണനും (30) ലണ്ടൻ സ്വദേശി ഇൻഡേര ടമാര ഹാരിസണുമാണ് (25) വിവാഹിതരായത്. ലണ്ടനിൽ സ്വന്തം നിലയിൽ പി.ആർ ഏജൻസി നടത്തുകയാണ് ഇൻഡേര. ലാറ്റക്സ് ഷീറ്റുകൾ ചെറിയ പാനലുകളാക്കി അതിൽ വ്യത്യസ്ത ശൈലിയിലുള്ള വസത്രങ്ങൾ തയ്യാറാക്കുന്ന ഹാരി (HAARI) എന്ന ലോകോത്തര ബ്രാൻഡിന്റെ ഉടമയാണ് ഹരി. രണ്ടു വർഷം മുൻപ് ലണ്ടൻ ഫാഷൻ വീക്കിൽ ലാറ്റക്സ് വസ്ത്രമൊരുക്കുന്നതിനിടെയാണ് ഹരിയും ഫാഷൻ ഷോയുടെ പബ്ലിക്ക് റിലേഷൻസ് വിഭാഗത്തിൽ പ്രവർത്തിച്ച ഇൻഡേരയും പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും കതിർ മണ്ഡപത്തിലെത്തിച്ചത്.
ഹിന്ദു ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
പച്ച നിറത്തിലുള്ള സാരിയുമുടുത്ത് മുല്ലപ്പൂവും ചൂടി ഇൻഡേര 'മലയാളി' നവവധുവായി. കേരളത്തിന്റെ തനതായ ചടങ്ങുകൾ ഇൻഡേരയ്ക്കും അമ്മ ക്യാരൻ ഹാരിസണും ഏറെ കൗതുകമായി. ചടങ്ങുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകാൻ ഹരിയുടെ ബന്ധുക്കൾ ഇൻഡേരയുടെ ഒപ്പം തന്നെ നിന്നു. എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയൻ കൗൺസിലർ ബി. പ്രതാപിന്റെ ഉടമസ്ഥതയിലുള്ള ഡിലൈറ്റ് ഇവന്റ്‌സാണ് വിവാഹ ചടങ്ങുകൾ ക്രമീകരിച്ചത്.
കൊട്ടാരക്കര കരീപ്ര നെടുമൺകാവ് കിഴക്കതിൽ പുത്തൻ വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെയും ബീനാകുമാരിയുടെയും മകനാണ് ഹരി എന്ന ഹരികൃഷ്ണൻ. ലണ്ടൻ ഡെൻഹാം വില്ലേജിൽ ക്യാരൻ ഹാരിസന്റെ മകളാണ് ഇൻഡേര ടമാര ഹാരിസ്. 12ന് ഇരുവരും ലണ്ടനിലേക്ക് പറക്കും.
എന്റെ ജീവിതം ഞാൻ ഹരിയിലൂടെ ഡിസൈൻ ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കാലാവസ്ഥയും സംസ്‌കാരവും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു. ലണ്ടനിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കേരളം
ഇൻഡേര ടമാര ഹാരിസൺ
.............................
ഇൻഡേര അവളുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് ലൈഫ് ഡിസൈൻ ചെയ്തത്. ഹരിയെ കുറേക്കാലമായി അറിയാം.
ഇൻഡേരയുടെ ജീവിത പങ്കാളിയായി ഹരിയെ ലഭിച്ചതിൽ സന്തോഷമുണ്ട്
ക്യാരൻ ഹാരിസൺ
(ഇൻഡേരയുടെ അമ്മ)