കുണ്ടറ: വെള്ളിമണിലെ കശുഅണ്ടി ഫാക്ടറിയിൽ ഇന്നലെ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടു ബോർമകൾ കത്തിനശിച്ചു.
രണ്ടു കോടിയിലേറെ വില വരുന്ന 27,500 കിലോയിലധികം അണ്ടിപ്പരിപ്പ് കത്തിനശിച്ചു. മൊത്തം മൂന്നു കോടിയുടെ നഷ്ടം കണക്കാക്കുന്നു.
ചന്ദനത്തോപ്പ് അയ്യാരത്തു വീട്ടിൽ ധന്യ സന്തോഷിന്റെ ഉടമസ്ഥതയിൽ 18 വർഷത്തിലേറെയായി വെള്ളിമൺ നേതാജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സദാ കാഷ്യു ഫാക്ടറിയിലാണ് പുലർച്ചെ 5 മണിയോടെ തീപിടിത്തമുണ്ടായത്. ഒരേക്കറോളമുള്ള വസ്തുവിൽ 6,000 സ്ക്വയർ ഫീറ്റ് വരുന്ന ആസ്ബസ്റ്റോസ്, സ്റ്റീൽ ഷീറ്റുകൾ മേൽക്കൂരകളായിട്ടുള്ള 6 കെട്ടിടങ്ങളിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ഷെല്ലിംഗ്, പീലിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്ന കെട്ടിടങ്ങളുടെ അവസാനമായുള്ളതും ഫാക്ടറി കോമ്പൗണ്ടിന്റെ ഏറ്റവും പിന്നിലായി സ്ഥിതി ചെയ്യുന്നതുമായ രണ്ട് ബോർമകളിൽ ഒന്നിൽ നിന്ന് വലിയതോതിൽ പുക ഉയരുന്നത് തൊട്ടടുത്തുള്ള ജയന്തി കോളനിയിൽ താമസിക്കുന്ന സാബുവാണ് ആദ്യം കണ്ടത്. ഉടനെതന്നെ സാബു അയൽക്കാരെ എല്ലാം വിളിച്ചു കൂട്ടി. ഇവർ ഫാക്ടറിയുടെ മുന്നിലുള്ള ഗേറ്റിലെ സെക്യൂരിറ്റിയെ വിവരം അറിയിച്ചു. ഫാക്ടറി കോമ്പൗണ്ടിൽ പല മുറികളിലായി താമസിക്കുന്ന ഇരുപതോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളും ഓടിയെത്തി വെള്ളമൊഴിക്കുകയും മണൽ വാരിയെറിയുകയും പച്ച ഓല വെട്ടി അടിക്കുകയും ചെയ്തെങ്കിലും തീ ആളിപ്പടർന്നു.
ഉടൻതന്നെ കുണ്ടറ ഫയർഫോഴ്സിനെ വിവരമറിയിച്ചു. കൊട്ടാരക്കര, കടപ്പാക്കട യൂണിറ്റുകളിൽ നിന്നുകൂടി ഫയർ യൂണിറ്റുകൾ എത്തിയാണ് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചത്. കശുഅണ്ടിയും തോടും വേഗം തീപിടിക്കുന്ന ഇന്ധനങ്ങളും ഉണ്ടായിരുന്നതിനാൽ തീയുടെ കാഠിന്യമേറി. ബലമേറിയ ഇരുമ്പ് തൂണുകൾ വരെ പഴുത്ത് വളഞ്ഞു.
ദുരൂഹതയില്ലെന്ന് മാനേജ്മെന്റ്
വിൽപ്പനയ്ക്ക് പൂർണ സജ്ജമാക്കിയ, 25 കിലോ വീതം വരുന്ന 1100 ക്രേറേറ്റുകളിലെ അണ്ടിപ്പരിപ്പും വരുന്ന ദിവസങ്ങളിലെ പണിക്കായി മാറ്റിച്ചിരുന്ന കശുഅണ്ടിയും പൂർണമായും കത്തിനശിച്ചു. കെട്ടിടവും മറ്റ് അനുബന്ധ സാമഗ്രികളും ഉൾപ്പെടെ മൊത്തം മൂന്നു കോടിയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമായി സംശയിക്കുന്നത്. വൈദ്യുതി ബന്ധവും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചിരിക്കുന്നതിനാൽ സി.സി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ദുരൂഹതയില്ലെന്നാണ് മാനേജ്മെന്റ് വിശദീകരണം.
കുണ്ടറ സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.എ. ജോസ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. തീ പടർന്നപ്പോൾത്തന്നെ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് അപകടങ്ങൾ ഒഴിവാക്കി.
വൻ പുകപടലങ്ങൾ
വെള്ളിമൺ ജയന്തി കോളനിയിലെ സാബു പുലർച്ചെ 4.30ന് പുറത്തിറങ്ങിയപ്പോഴാണ് ഫാക്ടറുടെ ഏറ്റവും പിൻഭാഗത്തെ ബോർമ്മയിൽ നിന്നു വൻ പുകപടലങ്ങൾ ഉയരുന്നത് കണ്ടത്. എല്ലാവരെയും കൂട്ടി ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബോർമ്മയ്ക്കുള്ളിൽ അണ്ടിത്തോടുകളും മറ്റും ഉള്ളതിനാൽ തീ അതിശക്തമായി ആളിപ്പടർന്നു. ശ്വാസംമുട്ടലും തീച്ചൂടും കാരണം ആർക്കും അടുക്കാൻ കഴിഞ്ഞില്ല. പൊലീസ്, കെ.എസ്.ഇ.ബി, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നാട്ടുകാരോടൊപ്പം നിന്ന് പ്രവർത്തിച്ചതിനാൽ സമീപത്തെ കോളനിയിലേക്കും മറ്റും തീ പടർന്നില്ല.
വിവരമറിഞ്ഞ് സ്തബ്ദ്ധയായി (ബോക്സിൽ)
പുലർച്ചെ 5.30 ഓടെ സെക്യൂരിറ്റി ജീവനക്കാരൻ വിളിച്ച് വിവരം പറഞ്ഞപ്പോൾ താൻ സ്തബ്ദ്ധയായിപ്പോയെന്ന് ഫാക്ടറി ഉടമ ധന്യസന്തോഷ് പറഞ്ഞു. ഉടൻതന്നെ ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, പൊലീസ് അധികൃതരെ വിവരമറിയിച്ച ശേഷം സംഭവസ്ഥലത്ത് എത്തിയപ്പോൾ ഹൃദയം തകർക്കുന്നതായിരുന്നു കാഴ്ച. 2006 ൽ ആണ് ഫാക്ടറി ആരംഭിക്കുന്നത്. ഇന്നലെ വൈകിട്ട് ആറു കഴിഞ്ഞു തൊഴിലാളികളെല്ലാം പോയ ശേഷം 6.30 കഴിഞ്ഞാണ് ഞങ്ങളെല്ലാവരും കമ്പനിയിൽ നിന്ന് പോരുന്നത്. തീപിടിത്തത്തിനു പിന്നിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും ധന്യ സന്തോഷ് പറഞ്ഞു.