കൊല്ലം: ജില്ലയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ കൊല്ലം സ്‌റ്റേഷന് മുന്നിലെ റോഡിൽ സീബ്രാലൈൻ മാഞ്ഞതോടെ റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടി യാത്രക്കാർ. നഗരത്തിലെ ഏറ്റവും തിരക്കുള്ള റോഡുകളിലൊന്നാണിത്. പരാതികൾ ഏറെ ഉണ്ടായെങ്കിലും ലൈൻ തെളിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.
റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്നതും വന്നിറങ്ങുന്നതുമായ യാത്രക്കാരും വിദ്യാർത്ഥികൾ അടക്കമുള്ളവരും ജീവൻ പണയംവച്ചാണ് റോഡ് മുറിച്ചു കടക്കുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് നിത്യേന റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നത്. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്കു മുന്നിൽ വലിയ ബുദ്ധിമുട്ടാണ് ഇവർ അനുഭവിക്കുന്നത്. കൊട്ടിയം, കർബല ഭാഗം, ചിന്നക്കട എന്നിവിടങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ, മങ്ങിയ സീബ്രാലൈനിലൂടെ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനായി വേഗം കുറയ്ക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും സീബ്രാലൈനിന് അകലെയാണ് ഇവർ നിൽക്കുന്നത്.
സ്വകാര്യബസുകൾ ഉൾപ്പെടെ മിക്ക വാഹനങ്ങളും അമിത വേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. നഗരത്തിലെ പല റോഡുകളിലും സീബ്രാലൈനുകൾ മാഞ്ഞ നിലയിലാണ്. അടുത്തെത്തുമ്പോഴാണ് ഡ്രൈവർമാർ മങ്ങിയ ലൈനുകൾ കാണുന്നത്. ലൈൻ തെളിഞ്ഞു കിടന്നപ്പോൾ പോലും കാൽനട യാത്രികരെ ഗൗനിക്കാതിരുന്ന വാഹനങ്ങൾ ഇപ്പോൾ ഇവരുടെ സുരക്ഷയെ തീർത്തും അവഗണിക്കുന്നുവെന്നാണ് പരാതി.
റോഡ് മുറിച്ച് കടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോലും ഡ്രൈവർമാരുടെ കനിവിനായി കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. സ്റ്റേഷനു തൊട്ടു മുന്നിലാണ് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ അടിയന്തിരമായി സീബ്രാലൈൻ തെളിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നിറുത്തിയില്ലെങ്കിൽ പിഴ 500
സീബ്രാലൈനിൽ കാൽനടയാത്രക്കാർക്ക് വലിയ പരിഗണനയാണ് ഡ്രൈവർമാർ നൽകേണ്ടത്. ലൈനിൽ യാത്രക്കാർ പ്രവേശിച്ചാൽ വാഹനങ്ങൾ നിറുത്തണമെന്നാണ് നിബന്ധന. സീബ്രാലൈൻ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 500 രൂപയാണ് പിഴ.