കൊല്ലം: വിനയത്തോടെ, എന്നാൽ നിർഭയമായും ആത്മാർത്ഥമായും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം തേടുന്നത് അറിവിന്റെ സ്വാംശീകരണത്തിന് ഉപകരിക്കുമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. 41 ദിവസം നീണ്ടു നിൽക്കുന്ന വ്യാസപ്രസാദം 24 വേദിയിൽ ഇരുപത്തൊന്നാം ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചോദ്യങ്ങൾ ചോദിക്കുന്നതിൽ തെറ്റില്ല. ഭഗവദ്ഗീത മൂന്നാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ സങ്കോചം കൂടാതെ അർജുനൻ ചോദ്യം ചോദിക്കുന്നുണ്ട്. കാര്യങ്ങൾ ഉപരിതലത്തിൽ മനസിലാക്കുന്നതും ആഴത്തിൽ സ്വാംശീകരിക്കുന്നതും തമ്മിൽ അന്തരമുണ്ട്.

മുൻവിധികൾ മനസിലുണ്ടാവുമ്പോൾ ആശയക്കുഴപ്പം സ്വാഭാവികമാണ്. കർമം നികൃഷ്ടമാണ്. കർമഫലം കാമിക്കുന്നവൻ കൃപണനാണ് എന്നൊക്കെ ഭഗവാൻ വ്യക്തമാക്കി. അറിവിന്റെ ഗിരിശൃംഗങ്ങളെക്കുറിച്ച് ഭഗവാൻ വാചാലനായി. ധ്യാനപഥത്തെ പരാമർശിച്ച് സംസാരിച്ചു.

പാർത്ഥനാകട്ടെ അടർക്കളം വെടിഞ്ഞ് ധ്യാനനിഷ്ഠജീവിതം നയിക്കുന്നതാണ് ഉത്തമം എന്നുതോന്നി. എന്നാൽ 'കർമത്തിൽ മാത്രമാണ് നിനക്കധികാരം, യുദ്ധം ചെയ്യാൻ നിശ്ചയിച്ചെഴുന്നേൽക്കൂ' എന്നും ഭഗവാൻ പറഞ്ഞിട്ടുണ്ടല്ലോ എന്നത് അർജുനൻ ഓർത്തുവെന്നും സ്വാമി പറഞ്ഞു.