തൊടിയൂർ: പള്ളിക്കലാറ്റിൽ മീൻ പിടിക്കാൻ പോയ നാലംഗ സംഘത്തിലെ രണ്ടു യുവാക്കൾ വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. കല്ലേലിഭാഗം മാരാരിത്തോട്ടം ശ്രീജ ഭവനത്തിൽ ശ്രീജയുടെ മകൻ ശ്രീരാഗ് (23), കല്ലേലിഭാഗം തുറയിൽ വടക്കതിൽ പരേതനായ കരുണാകരന്റെയും അമ്പിളിയുടെയും മകൻ അഭിജിത്ത് (23) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ശ്രീരാജ്, കൃഷ്ണ എന്നിവർ നീന്തി രക്ഷപ്പെട്ടു. ശ്രീരാഗിന്റെ ഇരട്ട സഹോദരനാന്ന് ശ്രീരാജ്.
ഇന്നലെ വൈകിട്ട് 4.30ന് കല്ലേലിഭാഗം പണ്ടകശാല കടവിന് സമീപത്തായിരുന്നു അപകടം. സുഹൃത്തുക്കളായ നാലു പേരും കൂടി ചെറുവള്ളത്തിലാണ് മീൻ പിടിക്കാൻ പോയത്. സ്ഥലത്തെത്തിയ കരുനാഗപ്പള്ളി ഫയർഫോഴ്സും കൊല്ലത്തു നിന്നെത്തിയ സ്കൂബ ടീമും സംയുക്തമായി നടത്തിയ തിരിച്ചിലിൽ സന്ധ്യയോടെ സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. കരുനാഗപ്പള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.