thevalli
വിളക്കുകൾ തെളി​യാത്തതി​നാൽ ഇരുട്ടിലായ തേവള്ളിപ്പാലം


അഞ്ചാലുംമൂട്: സന്ധ്യ മയങ്ങി​യാൽ തേവള്ളിപ്പാലത്തി​ലെ കൂരി​രുട്ടി​ലൂടെയുള്ള യാത്ര അതീവ ദുഷ്കരം. കാൽനട യാത്രി​കർ ഭീതി​യോടെയാണ് പാലം കടക്കുന്നത്.

ദിവസങ്ങളായി പാലത്തിലെ വിളക്കുകൾ പ്രകാശിക്കുന്നില്ല. കഴിഞ്ഞ നവംബർ 18 നാണ് അറ്റകുറ്റപ്പണികൾക്ക് ശേഷം പാലത്തിലെ വിളക്കുകൾ പ്രകാശിച്ച് തുടങ്ങിയത്. എന്നാൽ ഇപ്പോൾ മിക്ക ദിവസങ്ങളിലും ഇവയൊന്നും തെളി​യാത്ത അവസ്ഥയാണ്. 19 വിളക്കുകളാണ് പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി ഉള്ളത്. പാലത്തിന്റെ മേൽനോട്ട ചുമതല കോർപ്പറേഷനാണെങ്കിലും വിളക്കുകളുടെ പരിപാലന ചുമതല പാലത്തിൽ പരസ്യം സ്ഥാപിച്ചിരിക്കുന്ന ഏജൻസിക്കാണ്. വിളക്കുകൾ മാറ്റി സ്ഥാപിച്ചെങ്കിലും വിളക്കുകാലുകൾ പലതും ദ്രവിച്ചിരിക്കുകയാണ്.

ജോലികഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ട് പഞ്ചായത്തിലെയും അഞ്ച് ഡിവിഷനിലെയും ആളുകൾ നഗരത്തിലേക്ക് പോകുന്നത് തേവള്ളി പാലം വഴിയാണ്. പാലത്തിലെ വിളക്കുകൾ മിഴി അടച്ചത് മൂലം ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ്. അടുത്തിടെ പാലം പെയിന്റ് അടിച്ച് മുഖം മിനുക്കിയെങ്കിലും ഓടയുടെ സ്ളാബുകളി​ൽ പലതും ചിലത് തകർന്ന നിലയിലാണ്. രാത്രി​ ഇതുവഴി​ നടക്കുമ്പോൾ സ്ളാബ് തകർന്ന് അപകടത്തി​ന് സാദ്ധ്യതയുണ്ട്.

തെരുവ് നായ ശല്യം

സ്ളാബ് തകരുമെന്ന് ഭയന്ന് കാൽ നടയാത്രക്കാർ റോഡിലിറങ്ങി നടക്കുന്നത് വാഹനമി​ടി​ച്ചുള്ള അപകടത്തി​ന് കാരണമാകും. പ്രഭാത സവാരിക്കും മറ്റും പാലത്തിലെത്തുന്നവരും മതിയായ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇരുട്ടിൽ തെരുവ് നായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നത് മൂലമുണ്ടാകുന്ന അപകങ്ങളും ഇവിടെ പതിവാണ്. പലപ്പോഴും മൈാബൈൽ വെളിച്ചത്തിലും ഇത് വഴി കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിലുമാണ് കാൽ നടയാത്രക്കാർ പാലം കടക്കുന്നത്.


മാലി​ന്യ നി​ക്ഷേപം

പാലത്തിലെ വിളക്കുകൾ പ്രകാശിക്കാതായതോടെ തേവള്ളിപാലവും പരിസരവും ഇരുട്ടിലായത് മുതലെടുത്ത് സാമൂഹിക വിരുദ്ധർ . രാത്രിയിൽ പാലത്തിലൂടെ നടന്ന് പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ശല്ല്യം ചെയ്യുന്നത് പതിവാണ്. ഇരുട്ടിന്റെ മറവിൽ പാലത്തിൽ നിന്ന് ഇറച്ചി മാലിന്യങ്ങളും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവവും വലി​ച്ചെറി​യുന്നുണ്ട്.


വിളക്കുകൾ അടി​ക്കടി​ തകരാറി​ലാവുന്നത് സാങ്കേതിക പ്രശ്‌നങ്ങളും ടൈമറിലെ കുഴപ്പങ്ങളും മൂലമാണ്. ഇവ രണ്ടും പരിഹരിച്ച് പാലത്തിലെ വിളക്കുകൾ പ്രകാശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും

കോർപ്പറേഷൻ അധികൃതർ