ccc
ംംം

കൊട്ടാരക്കര: നെടുവത്തൂർ മൂർത്തിക്കാവ് - മനക്കരക്കാവ് റോഡ് തകർന്നിട്ട് രണ്ടാഴ്ചയായിട്ടും പരിഹാരമില്ല. യാത്രാദുരിതമേറുന്നു. പഞ്ചായത്തിലെ ഏറ്റവും പ്രധാന പാതയിലാണ് ഗതാഗതം നിലച്ചിരിക്കുന്നത്. റോഡിന്റെ കുറുമ്പാലൂർ പട്ടാഴിവിള ഭാഗത്താണ് ഇരുവശവും ഇടിഞ്ഞുതാണതും ഗതാഗതം നിറുത്തിവയ്ക്കേണ്ട സ്ഥിതിയുണ്ടായതും. ഒക്ടോബർ 23ന് ഉച്ചയോടെ റോഡിന്റെ സംരക്ഷണ ഭിത്തി ഉൾപ്പടെ ഒരു ഭാഗം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ബന്ധപ്പെട്ടവർ ഉടനെത്തിയെങ്കിലും റോഡ് അടച്ച് ഗതാഗതം തടസപ്പെടുത്തിയിട്ട് മടങ്ങുകയായിരുന്നു. താത്കാലിക പരിഹാരമൊന്നും ഉണ്ടാകാഞ്ഞതിനാൽ ഇപ്പോൾ ഇതുവഴി ഗതാഗതം നിലച്ചതിന്റെ ബുദ്ധിമുട്ടിലാണ് പ്രദേശത്തുകാർ.

യാത്രാദുരിതമേറി

വെണ്ടാർ, കോട്ടാത്തല, കുറുമ്പാലൂർ, വല്ലം പ്രദേശത്തുകാർ നെടുവത്തൂരിലേക്കും കൊല്ലം ഭാഗത്തേക്കുമൊക്കെ യാത്ര ചെയ്യുന്ന പ്രധാന പാതയാണ് മൂർത്തിക്കാവ്- മനക്കരക്കാവ് റോഡ്. കൊട്ടാരക്കര - പുത്തൂർ റോഡിൽ വെണ്ടാർ മനക്കരക്കാവ് വരെയുള്ള റോഡ് നിരവധി വാഹന യാത്രികർക്ക് പ്രയോജനമാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസും ഇതുവഴിയുണ്ടായിരുന്നു. ഇപ്പോൾ പ്രദേശത്തുകാരെല്ലാം യാത്രാ ദുരിതത്തിലാണ്. റോഡ് അടച്ചതറിയാതെ ഇവിടംവരെയെത്തി തിരിഞ്ഞു പോകേണ്ടിവരുന്ന ഗതികേടുമുണ്ട്.

മന്ത്രിയെ അറിയിച്ചിട്ടും

സംഭവ ദിവസംതന്നെ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രദ്ധയിൽ വിഷയമെത്തി. അടിയന്തര പരിഹാരം ഉണ്ടാകുമെന്നാണ് അറിയിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോഴും യാതൊരു പരിഹാര സംവിധാനങ്ങളും ഉണ്ടാകാത്തതിന്റെ നിരാശയിലാണ് നാട്ടുകാർ.