ഓച്ചിറ: മുക്കുപണ്ടം പണയം വെച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ യുവാവ് പൊലീസ് പിടിയിൽ. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തിൽ മണിയൻ മകൻ ഉണ്ണികുട്ടൻ (33) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഒക്‌ടോബർ 30 ന് വവ്വക്കാവിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡിന്റെ പകർപ്പ് നൽകി ഒരു പവൻ വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജർ പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. ഇയാളുടെ പേരിൽ നിരവധി മോഷണ കേസുകളും മറ്റു കേസുകളും നിലവിലുള്ളതായി പൊലീസ് പറഞ്ഞു. ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ സുജാതൻ പിള്ള, എസ്.ഐ നിയാസ്, എസ്.സി.പി.ഒ മാരായ അനു, കനീഷ് എന്നിവിരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.