 
കരുനാഗപ്പള്ളി: ഇന്റർലോക്ക് കട്ടകൾ ഉപയാഗിച്ചുള്ള റോഡുകളുടെ നവീകരണം യാത്രക്കാർക്ക് വിനയാകുന്നു. വാഹനത്തിരക്കുള്ള റോഡുകളിൽ പോലും ഇന്റർലോക്ക് നവീകരണത്തിനാണ് ബന്ധപ്പെട്ടവർ താല്പര്യം കാണിക്കുന്നത്. ഭാഗികമായി തകർന്ന് കിടക്കുന്ന റോഡുകളാണ് ഇന്റർ ലോക്ക് കട്ടകൾ ഉപയോഗിച്ച് നവീകരിക്കാനായി തിരഞ്ഞെടുക്കുന്നത്. ആദ്യമൊക്കെ ചെറിയ റോഡുകളായിരുന്നു ഈ വിധം നവീകരിച്ചിരുന്നത്. ഇപ്പോൾ വാഹനത്തിരക്കുള്ള റോഡുകളും ഇന്റർലോക്കിൽ മുങ്ങിയ അവസ്ഥയാണ്.
വാഹനങ്ങൾ കയറാൻ പെടാപ്പാട്
തകർന്ന് കിടക്കുന്ന റോഡിന്റെ മുകളിൽ ആദ്യം എംസാന്റ് വിരിച്ച് ഉയർത്തും. അതിന് മീതേയാണ് ഇന്റർ ലോക്ക് കട്ടകൾ നിരത്തുന്നത്. റോഡിന്റെ തകർച്ച അവസാനിക്കുന്ന ഭാഗത്ത് വെച്ച് നിർമ്മാണം പൂർത്തിയാക്കും. പണി പൂർത്തിയായി കഴിയുമ്പോഴേക്കും റോഡിന്റെ നവീകരിച്ച ഒരു ഭാഗം ക്രമാതീതമായി ഉയരും. അവിടെ സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയാണ് പതിവ്. റോഡുകളെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കാനാണ് ഇത്തരം വർക്കുകൾ ചെയ്യുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതു വഴി വരുന്ന വാഹനങ്ങൾ പഴയ റോഡിൽ നിന്ന് ഇന്റർലോക്ക് വിരിച്ച ഭാഗത്തേക്ക് കടക്കണമെങ്കിൽ പെടാപ്പാട് പെടണം. ഇന്റർ ലോക്ക് വിരിക്കുന്ന റോഡിന്റെ അവസാന ഭാഗത്ത് സ്ലോപ്പ് ഇല്ലാത്തതാണ് കാരണം. വാഹനങ്ങൾ നിറുത്തി പതിയെ ഇന്റർ ലോക്ക് പാകിയ ഭാഗത്തേക്ക് കയറ്റി വേണം പോകാൻ.
പല റോഡുകളും ഇന്റർലോക്കായി
റോഡിന്റെ താഴ്ന്ന് കിടക്കുന്ന ഭാഗത്ത് വെള്ളം കെട്ടി നിന്ന് റോഡിന്റെ ശേഷിക്കുന്ന ഭാഗം കൂടി തകരാൻ തുടങ്ങും. വാഹനങ്ങൾ സ്ഥിരമായി ഓടി തുടങ്ങുമ്പോൾ ഇന്റർലോക്ക് കട്ടകളുടെ ലോക്ക് തകർന്ന് കട്ടകൾ ഇളകി തുടങ്ങും. പിന്നെ കാൽനട യാത്രക്കാർ കല്ലിൽ തട്ടിവേണം യാത്ര ചെയ്യാൻ. വാഹനങ്ങൾ കടന്ന് പോകണമെങ്കിൽ കട്ടകൾ വാരി മാറ്റേണ്ടി വരും. കരുനാഗപ്പള്ളിയിൽ തകർന്ന് കിടക്കുന്ന പ്രധാനപ്പെട്ട പല റോഡുകളുടെയും തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരിക്കുന്നത് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ്.
സാമ്പത്തിക ചെലവേറിയ ഈ ഇന്റർലോക്ക് നിർമ്മാണ രീതി പുനപരിശോധിക്കണമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്. തകർന്ന് കിടക്കുന്ന റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ വരുന്ന ഉദ്യോഗസ്ഥർ നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും അഭിപ്രായങ്ങൾ കൂടി തേടുന്നത് നന്നായിരിക്കും.
നാട്ടുകാർ