
കൊല്ലം: പ്രണയനോവലുകൾ മലയാളത്തിന് പുതുമയല്ല, പക്ഷെ പ്രണയം താളമാകുന്ന നോവൽ അപൂർവമായിരിക്കും. അത്തരമൊരു നോവൽ ഉടൻ പ്രകാശിതമാകും, എം.പ്രഭാകരൻ തമ്പിയുടെ 'മുഗ്ദ്ധാനുരാഗ സ്പന്ദനങ്ങൾ'.
ആശാൻ പാടിയത് പോലെ മാംസനിബദ്ധമല്ലാത്ത പ്രണയമാണ് 'മുഗ്ദ്ധാനുരാഗ സ്പന്ദനങ്ങൾ' പറയുന്നത്. രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള പ്രണയം. വിശുദ്ധ പ്രണയത്തിന്റെ താളത്തിൽ ഈ നോവൽ കാലത്തെ അടയാളപ്പെടുത്തുകയാണ്. നായികയും നായകനും മാത്രമല്ല കഥാപാത്രങ്ങളെല്ലാം കാലത്തിന്റെ പല ഭാവങ്ങളായി പരസ്പരം സംവദിക്കുന്നു. ആ സംവാദം ചരിത്രത്തിലേക്കും പുരാണത്തിലേക്കും കടന്നുപോകുന്നു. ഇടപ്പള്ളിയുടെ ആത്മഹത്യ, സാക്ഷരതാ പ്രസ്ഥാനം, നൂതന വിദ്യാഭ്യാസ പരിഷ്കരണം അടക്കം അറുപതുകൾ മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെയുള്ള പല സംഭവങ്ങളും കടന്നുവരുന്നു. അങ്ങനെ പ്രണയ സിംഫണിയിലുള്ള 'മുഗ്ദ്ധാനുരാഗ സ്പന്ദനങ്ങൾ' വായനക്കാരന്റെ ഹൃദയത്തിൽ ചിന്തയുടെ തീ പടർത്തുന്നു.
ഈ മാസം 10ന് വൈകിട്ട് 3ന് മയ്യനാട് മാധവ വിലാസത്തിൽ (തൊടിയിൽ) നടക്കുന്ന ചടങ്ങിൽ കേരള സർവ്വകലാശാല ബയോ ഇൻഫർമാറ്റിക്സ് മുൻ മേധാവിയും ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റുമായ ഡോ. അച്യുത് ശങ്കർ. എസ്.നായർ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ.ഇന്ദുഗോപന് നൽകി നോവൽ പ്രകാശനം ചെയ്യും.
സ്വർഗസ്ഥന്റെ പ്രണയസാഫല്യം
എഴുത്തൊരു തപസാണ്. കൃതി വായനക്കാരിലേക്ക് എത്തുമ്പോഴാണ് എഴുത്തുകാരന്റെ ഭാവനാസൃഷ്ടിയാകുന്ന തപസിന് ഫലം ലഭിക്കുന്നത്. ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന പ്രണയം പരസ്പരം പങ്കുവയ്ക്കും പോലെയാണത്. പക്ഷെ എം.പ്രഭാകരൻ തമ്പിക്ക് 'മുഗ്ദ്ധാനുരാഗ സ്പന്ദനങ്ങൾ' വായനക്കാരിൽ എത്തുന്നത് കാണാനായില്ല. അതിന് മുമ്പേ 2022 സെപ്തംബറിൽ 88ാം വയസിൽ അദ്ദേഹം അന്തരിച്ചു. അതിന് രണ്ട് വർഷം മുമ്പേ 'മുഗ്ദ്ധാനുരാഗ സ്പന്ദനങ്ങൾ' പൂർത്തിയാക്കിയിരുന്നു. പ്രസാധകരുമായി ചർച്ചകൾ നടക്കുമ്പോഴായിരുന്നു മരണം. ഇപ്പോൾ 'മുഗ്ദ്ധാനുരാഗ സ്പന്ദനങ്ങൾ' വായനക്കാരിലേക്ക് എത്തുന്നത് സ്വർഗസ്ഥന്റെ പ്രണയ സാഫല്യമാണ്.
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തനം അടക്കമുള്ള എഴുത്തുകാരന്റെ ഏറെ ആത്മാംശങ്ങളും നോവലിൽ കടന്നുവരുന്നു. മയ്യനാടിന്റെ ചരിത്രകാരൻ എന്നറിയപ്പെടുന്ന എം.പ്രഭാകരൻ തമ്പിയുടെ ഏഴാമത്തെ പുസ്തകമാണിത്. പണിക്കശ്ശേരി ഒരു ചരിത്ര കുടുംബം, മയ്യനാട് ഒരു ചരിത്ര സമ്പന്ന ഗ്രാമം, യൂക്ലിഡ് ചോദ്യം ചെയ്യപ്പെടുന്നു, ലക്ഷദ്വീപൊന്നിലേക്കൊരു തീർത്ഥയാത്ര, സ്മൃതി മാധുര്യം, ഭാരതം ക്ളാസ് മുറികളിൽ രൂപം കൊള്ളുന്നു എന്നിവയാണ് മറ്റ് കൃതികൾ.