fever

എഴുകോൺ: ഡെങ്കി, എലിപ്പനി, എച്ച് വൺ എൻ വൺ, ഇൻഫ്ളുവൻസ, മഞ്ഞപ്പി​ത്തം, ന്യുമോണിയ തുടങ്ങി​ സകല പകർച്ചവ്യാധി​കളും ജി​ല്ലയ്ക്കുമേൽ നിറഞ്ഞുനിന്നിട്ടും ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഫലപ്രദമാകുന്നില്ല.

എലിപ്പനി ബാധിച്ച് മൂന്നുപേരാണ് കഴിഞ്ഞയാഴ്ച മരിച്ചത്. 55 വയസുള്ള പെരുമ്പുഴ സ്വദേശിയും 75 കാരനായ കുളക്കട സ്വദേശിയും അഞ്ചൽ സ്വദേശി 45 കാരനുമാണ് മരിച്ചത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ദിവസേന ആയിരക്കണക്കിന് പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നത്. ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ് ഇപ്പോഴത്തെ പനി. കുറഞ്ഞത് 14 ദിവസത്തെ മരുന്നെങ്കിലും കഴിക്കാതെ ശമിക്കാറില്ല. കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് പലർക്കും. കടുത്ത ശരീരവേദനയും തലവേദനയും ചുമയും ഇടവിട്ടുള്ള ഉയർന്ന ചൂടും പ്രധാന ലക്ഷണങ്ങളാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നതാണ് പ്രധാന ആശ്വാസം.

കുട്ടികളിൽ വ്യാപകമായി പനി പടരുന്നുണ്ട്. സ്കൂളുകളിൽ വൻ തോതിൽ ഹാജർ കുറയുന്നുണ്ടെന്ന് അധികൃതർ പറയുന്നു. പനി ലക്ഷണം ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് അദ്ധ്യാപകർ നിർദ്ദേശിച്ചിട്ടുണ്ട്. ഡെങ്കി, ന്യുമോണിയ, പകർച്ചപ്പനി തുടങ്ങിയവ ബാധിച്ച 15 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൊല്ലം വടക്കേവിളയിൽ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഡെങ്കി ബാധിച്ചും കൊട്ടാരക്കര വാളകത്ത് രണ്ടര വയസുള്ള പെൺകുഞ്ഞ് ന്യുമോണിയ ബാധിച്ചും ചികിത്സയിലാണ്. കൊട്ടാരക്കര, മീനാട്, പോരുവഴി, പിടവൂർ, പന്മന, വടക്കേവിള, കൊല്ലം, നിലമേൽ എന്നിവിടങ്ങളിലാണ് രോഗബാധിതരായ മറ്റ് കുട്ടികൾ. എല്ലാവരും 13 വയസിൽ താഴെയുള്ളവർ. പിടവൂരിൽ എച്ച് വൺ എൻ വൺ ബാധിതനായ അഞ്ചു വയസുകാരൻ ചികിത്സയിലുണ്ട്. ചാത്തന്നൂർ താഴം സൗത്തിൽ 43 വയസുള്ളയാൾക്ക് മെനിഞ്ജൈറ്റിസ് സ്ഥിരീകരിച്ചു.

പരിസര മലിനീകരണം വില്ലൻ

1. പരിസര മലിനീകരണമാണ് രോഗവ്യാപനത്തിന് പ്രധാന കാരണം

2. ശരീരവേദനയോടെ പനി നീളുന്നത് രണ്ടാഴ്ചയോളം

3. അവഗണിച്ചാൽ അപകടം വരുത്തുന്നതാണ് ഇൻഫ്ളുവൻസ എന്ന പകർച്ചപ്പനി

4. തണുപ്പ്, പനി, തൊണ്ട വേദന, ചുമ, തലവേദന, മസിൽ വേദന എന്നിവയാണ് ലക്ഷണം

5. ആദ്യ ഘട്ടത്തിൽ തന്നെ ശരിയായ ചികിത്സ തേടണം

6. ഇല്ലെങ്കിൽ ന്യുമോണിയയായി ജീവഹാനിക്ക് ഇടവരുത്താം

അഞ്ച് ദിവസമായി ചികിത്സയിലുള്ളവർ

ഡെങ്കി: 112

എലിപ്പനി: 7

പകർച്ചപ്പനി: 22

മഞ്ഞപ്പിത്തം: 13

എച്ച് വൺ എൻ വൺ: 3

ന്യുമോണിയ: 10

തദ്ദേശ സ്ഥാപന തലത്തിലുള്ള മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യം കാണുന്നില്ല. അടിക്കടിയുള്ള പകർച്ചപ്പനി വ്യാപനം ആശങ്ക ഉയർത്തുന്നു.

ആരോഗ്യവകുപ്പ് അധികൃതർ