
കൊല്ലം: കൊല്ലം ആസ്ഥാനമായി അനുവദിച്ച പുതിയ വിജിലൻസ് കോടതി കൊട്ടാരക്കരയിൽ ആരംഭിക്കാനുള്ള സർക്കാർ ഉത്തരവ് വൈകാതെ പിൻവലിക്കും. കൊല്ലം നഗരത്തിൽ വിജിലൻസ് കോടതി ആരംഭിക്കാനുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും.
കൊല്ലം കോർപ്പറേഷൻ പരിധിയിൽ മതിലിൽ പെരിനാട് സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറാണ് പരിഗണിക്കുന്നത്. ജില്ലാ ജഡ്ജി കെട്ടിടം സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. ഓഫീസ് സൗകര്യങ്ങൾക്ക് പുറമേ പാർക്കിംഗ്, ടോയ്‌ലെറ്റ് അടക്കമുള്ള സൗകര്യങ്ങളുള്ള കെട്ടിടം കോടതിക്ക് അനുയോജ്യമാണെന്ന് സ്ഥിരീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി രജിസ്ട്രാർ (ഡിസ്ട്രിക് ജുഡീഷ്യറി) വിജിലൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ പുതിയ ആലോചന. കഴിഞ്ഞ ഡിസംബറിലാണ് കൊല്ലം ആസ്ഥാനമായി പുതിയ വിജിലൻസ് കോടതി അനുവദിച്ചത്. കൊല്ലം, പത്തനംതിട്ട ജില്ലകളാണ് അധികാര പരിധി.
ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ
കൊല്ലം കോർപ്പറേഷൻ പരിധിയിൽ സ്ഥലം കണ്ടെത്താനായില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
കൊട്ടാരക്കരയിൽ ആരംഭിക്കാൻ സർക്കാർ തീരുമാനം
ഇതിനെതിരെ കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ റിലേ സമരം
ജുഡീഷ്യറിയുടെ ഇടപെടലിൽ സർക്കാർ പുനഃപരിശോധന
ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ