അഞ്ചൽ: ഒരുതുള്ളി വെള്ളം പോലും കിട്ടാത്തവർക്കും ഭാരിച്ച ബിൽ നൽകി വാട്ടർ അതോറിട്ടിയുടെ ഇരുട്ടടി. വാളകം, മടത്തറ തുടങ്ങിയ വാട്ടർ അതോറിട്ടി ഓഫിസിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് ഉടൻ പണം അടയ്ക്കണമെന്ന് കാട്ടി ബിൽ വന്നിരിക്കുന്നത്. ബി.പി.എൽ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യമായി വെള്ളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോൾ പണം അടയ്ക്കാൻ ബിൽ നൽകിയിരിക്കുകയാണ്. കിണറ്റിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കുമെന്നതിനാൽ വാട്ടർ കണക്ഷൻ വേണ്ടെന്ന് പറഞ്ഞവരെയും വെറുതെ വിട്ടിട്ടില്ല. അവർക്കും വാട്ടർ കണക്ഷൻ നൽകുകയും വെള്ളം ഉപയോഗിച്ചില്ലെങ്കിലും ബിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാരിൽ നിന്ന് ആധാർകാർഡ്, റേഷൻ കാർഡ് കോപ്പി തുടങ്ങിയവ കൈക്കലാക്കി അവർക്കും പണികൊടുത്തിരിക്കുകയാണ്. രേഖകൾ കമ്പ്യൂട്ടറിൽ അപ് ലോഡ‌് ചെയ്ത് വാട്ടർ കണക്ഷന്റെ എണ്ണം പെരുപ്പിച്ച് കാണിച്ച് കറാരുകാരെ സഹായിക്കുന്ന സമീപനമാണ് പല ഉദ്യോഗസ്ഥർക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ നേരത്തെ തന്നെ നിരവധി പരാതികൾ ഉന്നത ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിയ്ക്കും ലഭിച്ചുവെങ്കിലും യാതൊരുനടപടിയും ഉണ്ടായില്ല.

വാട്ടർ അതോറിട്ടി ആളുകളെ ചൂഷണം ചെയ്യുന്ന നിലപാട് അവസാനിപ്പിക്കണം. ഉപയോഗിക്കാത്ത വെള്ളത്തിന് ബിൽ ചുമത്തുന്നത് അംഗീകരിക്കാനാകില്ല. പരാതി പറയാൻ വിളിച്ചാൽ പോലും പലപ്പോഴും ബന്ധപ്പെട്ടവർ ഫോൺ എടുക്കാറില്ല. പരാതി പറഞ്ഞാലും നടപടിഎടുക്കുന്ന കാര്യത്തിലും പുറതിരി‌ഞ്ഞ സമീപനമാണ് അധികൃതർ കാണിക്കുന്നത്.

ആർച്ചൽ സോമൻ (ഗുരുധർമ്മ പ്രചരണസഭ മുൻ കേന്ദ്രകമ്മിറ്റി അംഗം)