കൊല്ലം: കളക്ടറേറ്റ് സ്ഫോടന കേസ് ശിക്ഷാവിധി സംബന്ധിച്ച് ഇന്നലെ നടന്ന വാദത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് അടക്കം പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഇതേ പ്രതികൾക്ക് മൈസൂർ സ്ഫോടന കേസിൽ ഏഴ് വർഷം തടവ് മാത്രമാണ് വിധിച്ചതെന്നും അതുപോലെ കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചു.

കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാർ കഴിഞ്ഞ ദിവസം കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി മധുര സൗത്ത് ഇസ്മയിൽപുരം സ്ട്രീറ്റ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി, കെ പുതൂർ റമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജ, മധുര നോർത്ത് നൽപേട്ടെ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്പർ 23/23ൽ ദാവൂദ് സുലൈമാൻ എന്നിവരുടെ ശിക്ഷ സംബന്ധിച്ചായിരുന്നു വാദം. ഐ.പി.സി 307, 324, 427,120 ബി, സ്ഫോടകവസ്തു നിയമം, പൊതുമുതൽ നശീകരണ തടയൽ നിയമം, യു.എ.പി.എ 16ബി, 18, 20 വകുപ്പുകൾ പ്രകാരമുള്ള കുറ്റം പ്രതികൾ ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ഇസ്രത് ജഹാനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധത്തിലാണ് കൊല്ലം കോടതി വളപ്പിൽ സ്ഫോടനം നടത്തിയതെന്ന് പ്രതികൾ നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളുടെ നേതൃത്വത്തിലുള്ള ബെയിസ് മൂവ്മെന്റ് സംഘടന അന്താരാഷ്ട്ര ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദയുടെ ഭാഗമാണെന്നും പ്രചരിപ്പിച്ചു. കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതിന്റെ രേഖകൾ പ്രതികളിൽ നിന്ന് ലഭിച്ചതായും പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ആർ.സേതുനാഥ് ചൂണ്ടിക്കാട്ടി.

സ്ഫോടനം 2016ൽ

2016 ജൂൺ 15ന് രാവിലെ 10.15ന് കൊല്ലം കളക്ടറേറ്റ് വളപ്പിലെ ജില്ലാ ട്രഷറിക്കും മുൻസിഫ് കോടതിക്കും ഇടയിൽ തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിനടിയിൽ ബോംബ് സ്ഥാപിച്ചായിരുന്നു സ്ഫോടനം. സംഭവത്തിൽ കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീരൊഴുക്കിൽ സാബുവിന് പരിക്കേറ്റിരുന്നു. കരിംരാജയാണ് ബോംബ് വച്ചത്. ദാവൂദ് സുലൈമാൻ ആന്ധ്രയിലിരുന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അബ്ബാസ് അലിയുടെ വീട്ടിൽ വച്ചായിരുന്നു ബോംബ് നിർമ്മിച്ചത്.