കൊല്ലം: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും ശ്രീനാരായണ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ 52-ാം ചരമവാർഷികം എസ്.എൻ ട്രസ്റ്റിന്റെയും എസ്‌.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ നടക്കും.

6ന് വൈകിട്ട് 5.30ന് യോഗം കൊല്ലം യൂണിയൻ ഓഫീസിൽ ആർ.ശങ്കറുടെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് പുഷ്പാർച്ചന. തുടർന്ന് യൂണിയൻ വനിതാ സംഘം പ്രവർത്തകർ ഗുരുദേവ കീർത്തനാലാപനം നടത്തും. 7ന് രാവിലെ 7.30ന് സിംസ് ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറിന്റെയും സെക്രട്ടറി എൻ.രാജേന്ദ്രന്റെയും നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, വനിതാ സംഘം, യൂത്ത്‌മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫാറം, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ, സൈബർ സേന ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, ശാഖ പ്രവർത്തകർ തുടങ്ങിയവർ പുഷ്പചക്രം സമർപ്പിക്കും.

ആർ.ശങ്കറിന്റെ ചിതാഭസ്‌മം സൂക്ഷിച്ചിരിക്കുന്ന യോഗം ആസ്ഥാനത്ത് രാവിലെ 8ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചന നടത്തും. ആർ.ശങ്കറിന്റെ ജന്മദേശമായ പുത്തൂരിലെ ആർ.ശങ്കർ ആശുപത്രി അങ്കണത്തിൽ നിന്ന് എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷന്റെയും എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും ആഭിമുഖ്യത്തിൽ രാവിലെ 10ന് പുറപ്പെടുന്ന ദീപശിഖാ റാലി സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 3ന് കേരളപുരത്തെത്തും. തുടർന്ന് ദീപശിഖ കുണ്ടറ യൂണിയൻ ഭാരവാഹികളിൽ നിന്ന് കൊല്ലം യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ വൈകിട്ട് 5ന് ചിന്നക്കട ആർ.ശങ്കർ സ്ക്വയറിലെത്തും. ആർ.ശങ്കർ പ്രതിമയിൽ ഹാരാർപ്പണത്തിന് ശേഷം ആയിരങ്ങൾ അണിനിരന്ന് മൗനജാഥയായി എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്‌മൃതി മണ്ഡപത്തിലെത്തും.

അനുസ്മരണ സമ്മേളനം ഉദ്ഘാടനം

നാളെ വൈകിട്ട് 6ന് ശങ്കേഴ്‌സ് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ആർ. ശങ്കർ അനുസ്മരണ സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനാകും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറിന്റെ സാന്നിദ്ധ്യത്തിൽ എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി.ജയദേവൻ സ്വാഗതം പറയും. മേയർ പ്രസന്ന ഏണസ്റ്റ് ആമുഖ പ്രഭാഷണവും യോഗം കൗൺസിലർ പി.സുന്ദരൻ പ്രഭാഷണവും നടത്തും. ശ്രീനാരായണ ട്രസ്റ്റും യോഗം കൊല്ലം യൂണിയനും ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്‌മെന്റുകളും സ്കോളർഷിപ്പും എസ്.എൻ ട്രസ്റ്റ് ചെയർമാൻ ഡോ. എം.എൻ.സോമൻ വിതരണം ചെയ്യും. എസ്.എൻ.ട്രസ്റ്റ്സ് മെഡിക്കൽ മിഷൻ അസി. സെക്രട്ടറി എൻ.രാജേന്ദ്രൻ നന്ദി പറയും. എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ ഏർപ്പെടുത്തിയിട്ടുള്ള 5000 രൂപ വീതമുള്ള സ്‌കോളർഷിപ്പും വിതരണം ചെയ്യും.