xxx
കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ വെള്ളക്കെട്ടിൽ

കൊട്ടാരക്കര: ചാറ്റൽ മഴ മതി കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ വെള്ളക്കെട്ടിലാകാൻ. വെള്ളക്കെട്ടായാൽ യാത്രക്കാരും വ്യാപാരികളും ഒരുപോലെ ദുരിതത്തിലാകും. ടൗണിലെ റോഡിന് ഇരുവശവും ഓടകൾ ഉണ്ടെങ്കിലും പലഭാഗത്തും ഓടകൾ മൂടിയ നിലയിലാണ്. അതിനാൽ പെയ്ത്തുവെള്ളം പരന്നൊഴുകുന്നതാണ് ടൗണിൽ വെള്ളക്കട്ടാകാൻ കാരണം.

സ്റ്റീൽ ഗ്രില്ലുകൾ തകർന്നു

വ്യാപാരികളും നാട്ടുകാരും തൊഴിലാളികളും നിരന്തരം പരാതിപ്പെട്ടതിനെ തുടർന്ന് വാട്ടർ അതോറിറ്റിയും നഗരസഭയും ചേർന്ന് മാസങ്ങൾക്കു മുമ്പ് ഓടകൾ തെളിക്കുകയും മലിന വസ്തുക്കൾ വീണ് ഓടകൾ അടയാതിരിക്കാൻ ഓടയ്ക്കു മുകളിൽ പല ഭാഗത്തും സ്ളാബുകൾക്കിടയിൽ സ്റ്റീൽ ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ സ്റ്റീൽ ഗ്രില്ലുകൾ ചെറിയ വാഹനങ്ങൾ കയറിയതോടെ തകർന്നു . കാൽനടയാത്രക്കാരും ഇരു ചക്രവാഹങ്ങളും അപകടത്തിൽ പെടാതിരിക്കാൻ ഈ തകർന്ന ഗ്രില്ലുകൾക്കു മുകളിൽ വ്യാപാരികൾ ചാക്കും സ്ളാബുകളും ഇട്ടതോടെ മഴവെള്ളം ഓടയിലൂടെയല്ലാതെ പരന്നൊഴുകാൻ ആരംഭിച്ചു. റോഡിന് എതിർ വശത്തുള്ള കടകൾക്കുള്ളിലേക്ക് മഴവെള്ളം ഇരച്ചു കയറുന്നു.

കടകൾക്കുള്ളിലേക്ക് മഴവെള്ളം ഇരച്ചു കയറുന്നത് വ്യാപാരത്തെ സാരമായി ബാധിക്കുന്നുണ്ട്. വെള്ളക്കെട്ട് കാരണം പലരും കടകളിലേക്ക് വരാൻ പോലും മടിക്കുകയാണ്.

വ്യാപാരികൾ

ടൗണിലെ വെള്ളക്കെട്ടിനും ദുരുതങ്ങൾക്കുമൊക്കെ ശാശ്വത പരിഹാരം ഇനിയും അകലെയാണ്. മന്ത്രിയും നഗരസഭാഅധികൃതരും മറ്റ് ജനപ്രതിനിധികളും കൂടി ആലോചിച്ച് നടപടിയുണ്ടാക്കണം.

നാട്ടുകാർ