കൊല്ലം: ഹൈസ്‌കൂൾ ജംഗ്ഷനിലെ ഗേൾസ് ഹൈസ്‌കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി മാസങ്ങളായിട്ടും മറ്റൊന്ന് നിർമ്മിക്കാൻ നടപടി ഇല്ലാത്തതിനാൽ വിദ്യാർത്ഥികളും യാത്രക്കാരും ദുരിതത്തിൽ. ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്ന് ചിന്നക്കടയിലേക്ക് പോകാനുള്ളവർ കാത്തു നിൽക്കുന്ന കേന്ദ്രമാണ് ഓണത്തിന് മുൻപ് പൊളിച്ചുമാറ്റിയത്. ഉടൻ പുതിയ ഷെൽട്ടർ നിർമ്മിക്കുമെന്നായിരുന്നു കോർപ്പറേഷന്റെ വാഗ്ദാനം .
എന്നാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ മഴയും വെയിലും കൊള്ളുന്നതല്ലാതെ ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. കനത്തവെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷനേടാൻ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ മരത്തിന്റെയും മേൽപ്പാലത്തിന്റെയും കീഴിൽ അഭയം തേടണം. മഴ കനത്താൽ നിന്ന് നനയുകയല്ലാതെ വേറെ വഴിയില്ല. നിത്യേന വിദ്യാർത്ഥികളുൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഈ ബസ് കാത്തിരിപ്പുകേന്ദ്രത്തെ ആശ്രയിച്ചിരുന്നത്.
നിലവിൽ കുടചൂടി ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. വയോധികരും ആശുപത്രികളിലും മറ്റും പോകാൻ നിൽക്കുന്ന രോഗികളും ഇരിപ്പിടം ഇല്ലാത്തതിനാൽ സമീപത്തെ കടകളുടെ വരാന്തയിലിരുന്നാണ് രക്ഷനേടുന്നത്. അധികനേരം ബാഗ് ഉൾപ്പെടെയുള്ളവ ചുമന്ന് ബസ് കാത്ത് നിൽക്കേണ്ടി വരുന്നത് വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കോർപ്പറേഷന്റെ അധീനതയിലുള്ളതാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. ഇവിടത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പത്ത് വർഷത്തിലധികം പഴക്കമുണ്ടായിരുന്നു. ഏത് സമയവുംനിലം പൊത്താവുന്ന നിലയിലായിരുന്നതിനാലാണ് പൊളിച്ചു മാറ്റിയത്. എത്രയും പെട്ടെന്ന് പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാണ് നാടിന്റെ ആവശ്യം.
ഹൈസ്‌കൂൾ ജംഗ്ഷനിലെ ഗേൾസ് സ്കൂളിന് മുന്നിൽ നിന്ന് പൊളിച്ചു മാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കാത്തിരിപ്പ് കേന്ദ്രം ഉടൻ വരും. നിലവിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിന്റെ ഭാഗമായി നടപടികൾ വേഗത്തിലാക്കും
സജീവ് സോമൻ, കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ