
കൊച്ചി: ഒറ്റകൈയിൽ സ്വപ്നങ്ങളെല്ലാം ആർജിച്ചെടുത്ത് അലൻ അടിച്ച ബാഡ്മിന്റൺ ഷോട്ടുകൾ കാണികളെ ഏറെ ത്രസിപ്പിച്ചു. ഇടംകൈയിലെ റാക്കറ്റിൽ ഇരുകൈയുടെയും കരുത്ത് വിളക്കിച്ചേർത്തെന്ന പ്രതീതിയുണർത്തുന്ന ഷോട്ടുകളാണ് കൊല്ലം ടീമിന്റെ അലൻ ജെയ്ൻസണിന്റേത്. ഇൻക്ലൂസീവ് വിഭാഗം 14ന് വയസിന് മുകളിലുള്ളവരുടെ മത്സരത്തിലാണ് അലൻ ശ്രദ്ധാകേന്ദ്രമായത്. ജന്മനാ കൈമുട്ടിന് താഴേക്ക് വളർച്ചയില്ല അലന്.
കൊല്ലം മൈലോട് ടി.ഇ.എം വി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അലൻ അടങ്ങാത്ത താൽപര്യത്തോടെ തിരഞ്ഞെടുത്തതാണ് ബാഡ്മിന്റൺ. ഒറ്റ കൈയിൽ അതിവേഗം ഫിനിഷിംഗ് പോയിന്റിലെത്തുന്ന നീന്തൽതാരം കൂടിയാണ്. റുബിക്സ് ക്യൂബിൽ ഏഷ്യൻ ബുക് ഒഫ് റെക്കോഡ്സ്, ഇന്ത്യ ബുക് ഒഫ് റെക്കോഡ്സ് എന്നിവയിലും പേരുണ്ട്. വീടിനടുത്തുള്ള കോർട്ടിലാണ് പരിശീലനം.
എന്നാൽ ഭിന്നശേഷി ലേബലിൽ അലന് മത്സരിക്കാൻ താത്പര്യമില്ല. സാധാരണ കുട്ടികളോട് കിടപിടിക്കുന്ന മത്സരമാണ് അലന്റേത്. എന്നാൽ കായികനിയമത്തിൽ അലന് ബാഡ്മിന്റൺ മത്സരം ജനറൽ കാറ്റഗറിയിൽ മത്സരിക്കാൻ കഴിയില്ല. സ്കൂളുകാർ നിർബന്ധിച്ചപ്പോഴാണ് ഇൻക്ളൂസിവ് വിഭാഗത്തിൽ മത്സരിക്കാൻ തയ്യാറായത്. തനിക്ക് പരിമിതികളില്ലെന്നും താൻ മറ്റുള്ളവരോടൊപ്പമേ മത്സരിക്കൂവെന്നുമാണ് അലന്റെ നിലപാട്.
ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ ജെയ്ൻസണിന്റെയും ഗോൾഡിയുടെയും മകനാണ്. 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് അലന് കൃത്രിമ കൈ പിടിപ്പിച്ച് കൂടുതൽ കായിക ഉയരങ്ങളിലേക്ക് എത്തിക്കാനാണ് മാതാപിതാക്കൾ ശ്രമിക്കുന്നത്.