sunami
ആലപ്പാട് പഞ്ചായത്തിൽ നടത്തിയ സുനാമി മോക്ക് ഡ്രില്ലിൽ നിന്ന്

കൊല്ലം: സുനാമി അവബോധ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിൽ സുനാമി മോക് ഡ്രിൽ സംഘടിപ്പിച്ചു. സുനാമി ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചു. കളക്ടർ എൻ.ദേവിദാസ് കളക്ട്രേറ്റ് കൺട്രോൾ റൂമിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

'സുനാമി റെഡി' സാക്ഷ്യപത്രം

യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രാഫിക് കമ്മീഷൻ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, ഫിഷറീസ്, ആരോഗ്യം, തദ്ദേശസ്ഥാപനം, മോട്ടോർവാഹനവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. മോക്ഡ്രിൽ വിജയകരമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിനാൽ ആലപ്പാട് ഗ്രാമത്തിനെ 'സുനാമി റെഡി' സാക്ഷ്യപത്രത്തിനായി പരിഗണിക്കും.

ദുരന്തനിവാരണ അവലോകന യോഗം

മോക് ഡ്രില്ലിനെ തുടർന്ന് ചേർന്ന ദുരന്തനിവാരണ അവലോകന യോഗത്തിൽ എ.ഡി.എമ്മും ജില്ലാ ദുരന്തനിവാരണ എക്സിക്യുട്ടീവ് ഓഫീസറുമായ ജി. നിർമ്മൽകുമാർ, സബ് കളക്ടർ നിഷാന്ത് സിൻഹാര, യുനസ്‌കോ പ്രതിനിധി നിഗ്മ ഫിർദൗസ്, കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വീണ, ജില്ലാ ദുരന്തനിവാരണ അനലിസ്റ്റ് പ്രേം ജി.പ്രകാശ്, വിവിധ പൊലീസ് ഉദ്യോഗസ്ഥർ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.