 
പത്തനാപുരം: ഇന്നലെ പെയ്ത ശക്തമായ മഴയിൽ പത്തനാപുരത്ത് ഗ്രാമീണ മേഖലയിലെ റോഡുകളും വീടുകളിലും വെള്ളം കയറി. കുണ്ടയം,മൂലക്കട വാർഡുകളിലെ വിവിധ റോഡുകളിലും വീട്ടിലുമാണ് വെള്ളം കയറിയത് .പത്തനാപുരം ഏനാത്ത് റോഡിൽ മൂലക്കട ജംഗ്ഷനിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിൽ വെള്ളം നിറഞ്ഞ് റോഡ് കവിഞ്ഞൊഴുകി. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാനപാതയാണിത് .റോഡിന്റെ ഇരുവശവും അപകടകരമാം വിധം ഗർത്തങ്ങൾ രൂപപെട്ടിട്ടും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ ഈ ഭാഗത്തുകൂടി കടന്നു പോകാൻ കഴിയുകയുള്ളു.
ഓട ഇല്ല, അപകടം പതിവായി
കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതോടെ റോഡും വശങ്ങളിലെ കുഴിയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് .കഴിഞ്ഞ ദിവസവും മൂന്നു വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടു. ഈ ഭാഗത്തു നിന്ന് പഴയപള്ളി റോഡിലൂടെ ,ഗാന്ധിഭവൻ ഭാഗത്തേക്കുള്ള റോഡിലും സ്ഥിരമായി വെള്ളക്കെട്ടാണ് .റോഡിന് ഓട ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം .മുട്ടോളം ഭാഗം റോഡിൽ വെള്ളക്കെട്ടാണ് .ഈ ഭാഗത്ത് അൽ ഫജറിൽ എ.ടി. മുഹമ്മദ് ഇക്ബാലിന്റെ വീട്ടിലാണ് വെള്ളം കയറിയത് .തുടർച്ചയായി മഴപെയ്താൽ ഇവിടെ വീട്ടിനുള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. .പലപ്പോഴായി വാർഡ് മെമ്പറിനോടും ,ഗ്രാമപഞ്ചായത്തിലും പരാതി പറഞ്ഞിട്ടും ഫണ്ട് ഇല്ലെന്ന മറുപടിയാണ് കിട്ടുന്നതെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണം.