arst


കൊല്ലം: കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിൽ . കേസിലെ രണ്ടാംപ്രതി വെളിച്ചിക്കാല മലേവയൽ ചരുവിള വീട്ടിൽ ഷെഫീക്ക് (35) ആണ് പിടിയിലായത്.

മലപ്പുറത്ത് ഒളിവിലായിരുന്ന ഇയാൾ ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് പോകുന്നതിനിടെ കൈതക്കുഴി ഭാഗത്ത് വെച്ച് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ വെളിച്ചിക്കാല വാറുവിള വീട്ടിൽ സദാം (33), വെളിച്ചിക്കാല സബീല മൻസിലിൽ അൻസാരി (34), വെളിച്ചിക്കാല നൂർജി നിവാസിൽ നൂറുദ്ദീൻ (42) എന്നിവർ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ 27ന് രാത്രിയിലാണ് ബന്ധുവായ യുവാവിനെ മർദ്ദി​ച്ചത് ചോദിക്കാനെത്തിയ കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തന്റഴികത്ത് വീട്ടിൽ നവാസിനെ (35) ഒന്നാം പ്രതി സദ്ദാമിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തിക്കൊന്നത്.

എട്ട് പ്രതികളാണ് കേസിലുള്ളത്. ബാക്കിയുള്ളവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. കണ്ണനല്ലൂർ എസ്.എച്ച്.ഒ രാജേഷ്, എസ്.ഐമാരായ ജിബി, ഹരി സോമൻ, സി.പി.ഒമാരായ പ്രജേഷ്, മുഹമ്മദ് ഹുസൈൻ, നുജുമുദ്ദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.