കരുനാഗപ്പള്ളി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും സുഗമമായി സഞ്ചരിക്കുന്നതിനായി സർവീസ് റോഡിന്റെയും ഓടയുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം നാട്ടിൽ ശക്തം. മാസങ്ങളായി ടൗണിലൂടെയുള്ള യാത്ര ദുഷ്ക്കരമാണ്. കരുനാഗപ്പള്ളി ടൗണിലൂടെ കടന്ന് പോകുന്ന സർവീസ് റോഡിന്റെയും ഓടയുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് നാഷണൽ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥർ , കെ.സി.വേണുഗോപാൽ എം.പി, സി.ആർ.മഹേഷ് എം.എൽ.എ എന്നിവർ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. യോഗം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും തീരുമാനങ്ങൾ കടലാസിൽ ഒതുങ്ങുകയാണ്.
നിർമ്മാണം ഒച്ചിഴയും വേഗത്തിൽ
ഓരോ ദിവസവും ഓരോ ഇടങ്ങളിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. അതിനാൽ കാൽനട യാത്രക്കാരും വലയുകയാണ്. ഇവർക്ക് നടന്ന് പോകാനുള്ള ഇടങ്ങളും തയ്യാറാക്കിയിട്ടില്ല. സർവീസ് റോഡിന്റെ നിർമ്മാണം ഒച്ചിഴയും വേഗത്തിലാണ് മുന്നേറുന്നത്. ഓടയുടെ നിർമ്മാണവും വ്യത്യസ്ഥമല്ല. മഴ പെയ്താൽ കരുനാഗപ്പള്ളി ടൗൺ പൂർണമായും വെള്ളക്കെട്ടായി മാറും. കരുനാഗപ്പള്ളി ടൗണിന്റെ ഹൃദയ ഭാഗം ചെളിക്കുണ്ടിന് സമാനമാണ്.
ലാലാജി ജംഗ്ഷനിൽ നിന്ന് വഴി തിരിച്ച് വിടണം
കെ.എസ്.ആർ.ടി.സി ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ ലാലാജി ജംഗ്ഷനിൽ നിന്ന് വഴി തിരിച്ച് വിട്ടാൽ നിലവിലുള്ള യാത്രാ ക്ലേശത്തിന് താത്കാലിക പരിഹാരമാകും. ഇതിനുള്ള നിരവധി സമാന്തര റോഡുകൾ ടൗണിന് സമീപത്തു കൂടി കടന്ന് പോകുന്നുണ്ട്. കന്നേറ്റി പാലം മുതൽ തെക്കോട്ട് പല ഇടങ്ങളിലും സർവീസ് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. സർവീസ് റോഡിന് വീതി കുറവാണെന്ന ആക്ഷേപവും ഇതോടൊപ്പം ഉയരുന്നുണ്ട്. കെ.എസ്.ആർ.ടി.സി പോലുള്ള വലിയ വാഹനങ്ങൾ മുന്നേപോയാൽ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്തു മുന്നോട്ട് പോകാൻ കഴിയുന്നില്ല. ബസ് നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നതു വരെ പിന്നിൽ വരുന്ന വാഹനങ്ങൾ നിറുത്തി ഇടേണ്ടി വരുന്ന സ്ഥിതിയാണ്. മൂന്ന് മീറ്റർ വീതിയിൽ മാത്രമാണ് ടാറിംഗ് ചെയ്തിട്ടുള്ളത്.