വെള്ളമൊഴുകേണ്ട ഓടയ്ക്ക് ഉയരക്കൂടുതൽ
അഞ്ചാലുംമൂട്: മുക്കടമുക്ക്- സി.കെ.പി റോഡിൽ ഇന്റർലോക്കിട്ട ഭാഗത്തെ വെള്ളക്കെട്ട് ഒഴിയുന്നില്ല. സമീപത്തെ ഓടയിലേക്ക് വെള്ളം ഒഴുക്കി വിടാൻ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് ഉൾപ്പെടെ എടുത്തിട്ടുണ്ടെങ്കിലും തുടർ നടപടി ഒന്നുമുണ്ടായില്ല.
ദിനം പ്രതി നൂറ്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഈ ഭാഗത്തെ ടാറിംഗ് ഇടയ്ക്കിടെ ഇളകുന്നതിനാലാണ് ഇന്റർലോക്ക് പാകിയത്. എന്നാൽ മഴയില്ലാത്തപ്പോഴും ഇവിടെ നിന്ന് വെള്ളമൊഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് റോഡും സമീപത്തെ ഓടയും. ഇന്റർലോക്ക് ചെയ്ത ഭാഗത്ത് നിന്നുള്ള വെള്ളം റോഡിന്റെ ഇടത് വശത്തെ ഓടയിലേക്ക് ഒഴുകിയെത്താത്തതാണ് വെള്ളക്കെട്ടിന് കാരണം. റോഡിന് സമീപത്തെ ഓടയ്ക്ക് ഉയരക്കൂടുതലുള്ളതും ഇവിടെ മണ്ണ് കയറി അടഞ്ഞതുമാണ് വെള്ളക്കെട്ട് മാറാത്തതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവാണ് അടിസ്ഥാന വിഷയം. തൃക്കടവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തൃക്കടവൂർ എൽ.പി.എസ്, അഞ്ചാലുംമൂട്, കടവൂർ, കൊല്ലം നഗരം എന്നിവിടങ്ങളിലേക്കും പോകാൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കാൽനട യാത്രക്കാർക്ക് വെള്ളത്തിൽ ചവിട്ടാതെ പോകാനാകാത്ത സ്ഥിതിയാണ്. നടന്ന് പോകുന്ന വിദ്യാർത്ഥികളുടെ ദേഹത്തേക്ക്, വാഹനങ്ങൾ പാഞ്ഞുപോകുമ്പോൾ വെള്ളം തെറിക്കുന്നതും പതിവായി.
വാർത്ത വരുമ്പോൾ ഇടപെടൽ
മുക്കടമുക്ക്- സി.കെ.പി റോഡിൽ ഇന്റർലോക്കിട്ട ഭാഗത്തെ വെള്ളക്കെട്ടിനെകുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വരുമ്പോൾ മാത്രം കോർപ്പറേഷൻ ജീവനക്കാരെത്തി ഓട വൃത്തിയാക്കി മടങ്ങും. കുരീപ്പുഴയിലേക്കും നീരാവിലേക്കുമുള്ള ബസുകൾ സർവീസ് നടത്തുന്ന റോഡാണിത്. പ ലതവണ അധികൃതരോട് പറഞ്ഞ് മടുത്തതാണെന്നും ഇതുവരെ നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. എത്രയും വേഗം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളക്കെട്ട് ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഉയരക്കൂടുതലുള്ള ഓടയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിനുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി. മറ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രശ്‌നം ഉടൻ പരിഹരിക്കും
പൊതുമരാമത്ത് അധികൃതർ