 
കൊല്ലം: ക്വയിലോൺ ഫുട്ബോൾ അക്കാഡമിയുടെ നേതൃത്വത്തിൽ വിവിധ അഭയ കേന്ദ്രങ്ങളിൽ സഹായ ഉപകരണവും ഗൃഹോപകരണങ്ങളും നൽകി. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ക്വയിലോൺ ഫുട്ബോൾ അക്കാഡമി ചെയർമാനുമായ സിയാദ് ലത്തീഫിന്റെ നേതൃത്വത്തിൽ ഇരവിപുരം കാരുണ്യതീരം കാസാമിയ വയോജന കേന്ദ്രം, നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം എന്നിവിടങ്ങളിലാണ് സഹായമെത്തിച്ചത്.
അക്കാഡമിയുടെ ഉയിർപ്പ് പദ്ധതിയുടെ ഭാഗമായി, വയോജനങ്ങളായ സ്ത്രീകൾക്ക് മാത്രം സംരക്ഷണം നൽകുന്ന ഇരവിപുരം കാസാമിയ ഓൾഡേജ് ഹോമിലെ അമ്മമാർക്കുള്ള വീൽചെയർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ തെരേസയ്ക്ക് കൈമാറി. നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ അച്ഛനമ്മമാർക്ക് സുഭിക്ഷമായ ഭക്ഷണം തയ്യാറാക്കാൻ അടുക്കളയിലേക്ക് ആവശ്യമായ മിക്സി ആദ്യകാല മലയാള ചലച്ചിത്ര നായിക നടി സുഷമ പത്മനാഭൻ സ്നേഹാലയം പാചക സ്റ്റാഫ് അംഗങ്ങൾക്ക് നൽകി. ചടങ്ങിൽ ക്യു എഫ് എ ചെയർമാൻ സിയാദ് ലത്തീഫ്, കുണ്ടറ ഇളമ്പള്ളൂർ കെ.ജി.വി.ജി യു.പി സ്കൂളിലെ പരിശീലകൻ തങ്കച്ചൻ, ക്യു.എഫ്.എ വൈസ് പ്രസിഡന്റ് എൻജിനീയർ ഷിബു മനോഹർ, മീഡിയ ചെയർമാൻ ഷിബു റാവുത്തർ, എക്സികുട്ടിവ് അംഗം ഹാഷിർ കിളികൊല്ലൂർ, ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ ഗിരീഷ് മയ്യനാട്, പുല്ലിച്ചിറ മോഹൻ, മഞ്ജു പാലത്തറ, റാണി അയത്തിൽ രാജൻ കൈനോസ്, അസാഫ് രാജൻ, അലീന രാജൻ എന്നിവർ പങ്കെടുത്തു.