പത്തനാപുരം: ഗാന്ധിഭവൻ അന്തേവാസിയായ അന്യസംസ്ഥാനക്കാരിക്ക് ആൺകുഞ്ഞ് പിറന്നു. ബീഹാർ സ്വദേശിനി റൂഹി ശർമ്മയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ഒക്‌ടോബർ 29നാണ് ഗർഭിണിയായ റൂഹിയും (29) എട്ടുവയസുകാരനായ മൂത്ത മകൻ പൃഥിരാജും ഗാന്ധിഭവനിലെത്തിയത്.

റൂഹി ഇൻസ്റ്റഗ്രാമിലൂടെയാണ് ഭർത്താവ് മുഹമ്മദ് ബിലാലിനെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹിതരായി ആറുവർഷം ഡൽഹിയിലായിരുന്നു താമസം. റൂഹിക്ക് 12വയസുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. സ്വന്തമായി വിവിധയിടങ്ങളിൽ ജോലിചെയ്താണ് ജീവിച്ചിരുന്നത്. ഡൽഹിയിൽ വന്ന ശേഷം ആറുവർഷത്തോളം ബാഡ്പൂർ ജീൻസ് ഫാക്ടറിയിലായിരുന്നു ജോലി. ഇതിനിടയിലാണ് പൃഥ്വിരാജിന് ജന്മം നൽകിയത്.

റൂഹി രണ്ടാമത് ഗർഭിണിയായിരിക്കുമ്പോൾ കേരളത്തിൽ ജോലി ശരിയായെന്ന് പറഞ്ഞ് ബിലാൽ കേരളത്തിലേയ്ക്ക് പോയി. മാസങ്ങൾക്ക് ശേഷം റൂഹിയോട് കേരളത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇങ്ങനെ റൂഹിയും മകൻ പൃഥ്വിരാജും ട്രെയിനിൽ കേരളത്തിലെത്തി. യാത്രാമദ്ധ്യേ ഇവരുടെ പക്കലുണ്ടായിരുന്ന ഫോണും റൂഹിയുടെ മെഡിക്കൽ റിപ്പോർട്ടും നഷ്ടമായി. കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ ഏറെനേരം കാത്തിരുന്നെങ്കിലും ഭർത്താവ് എത്തിയില്ല.

തുടർന്ന് പൊലീസ് ഇടപെട്ട് കൊല്ലം മഹിളാ മന്ദിരത്തിൽ പ്രവേശിപ്പിച്ചു. ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ വനിതാ ശിശുസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരമാണ് ഒക്‌ടോബർ 29ന് ഗാന്ധിഭവനിൽ എത്തിച്ചത്.

പൊലീസ് ബിലാലിനെ കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് റൂഹിക്ക് ആൺകുഞ്ഞ് പിറന്നു. ഭർത്താവിന്റെ വരവും കാത്ത് രണ്ട് മക്കൾക്കൊപ്പം ആശുപത്രിയിൽ കഴിയുകയാണ് റൂഹി.