
75 പന്നികളെ വെടിവച്ച് കൊന്നു
പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നികൾ മൂന്നുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. അച്ചൻകോവിൽ സ്വദേശികളായ തങ്കയ്യ, പരമേശ്വരൻ, ശിവപ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ തങ്കയ്യയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസിന്റെയും കാനയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രമ്യയുടെയും നേതൃത്വത്തിലുള്ള ജനപ്രതിനിധികളും വനപാലകരും ചേർന്ന് വർക്കലയിൽ നിന്നെത്തിച്ച പത്തംഗ സംഘത്തെ കൊണ്ട് 66 ഓളം കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ചെവ്വാഴ്ച 53 പന്നിളെയും ഇന്നലെ 22 പന്നികളെയുമാണ് വെടിച്ചത്. അച്ചൻകോവിൽ സ്കൂൾ ഗ്രൗണ്ട്, പൊലീസ് സ്റ്റേഷൻ പരിസരം, ക്ഷേത്ര മൈതാനം, റോഡ്, ജംഗ്ഷൻ എന്നിവിടങ്ങളിലിറങ്ങിയ ചെറുതും വലുതുമായ കാട്ടുപന്നികളെയാണ് കൊന്നത്. ഇവയെ വനപാലകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മറവ് ചെയ്തു.