കൊട്ടാരക്കര: കൊട്ടാരക്കര ടൗണിൽ മിനി സിവിൽ സ്റ്റേഷന് മുന്നിലുള്ള വെയിറ്റിംഗ് ഷെഡ് സന്ധ്യമയങ്ങിയാൽ കുരിരുട്ടിലാകും. രാത്രി 9 മുതൽ 10 വരെ ഇവിടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ബസുകാത്ത് നിൽക്കാറുണ്ട്. താലൂക്ക് ഭരണസിരാകേന്ദ്രമായ മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, ഹെഡ് പോസ്റ്റോഫീസ്, ടെലഫോൺ ഓഫീസ് , പബ്ളിക് ലൈബ്രറി തുടങ്ങിയ അനേകം സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന മണികണ്ഠനാൽത്തറയിലെ വെയിറ്റിംഗ് ഷെഡാണ് അനാസ്ഥയുടെ പ്രതീകമായി തുടരുന്നത്.
ഇടപെടാതെ അധികൃതർ
ഈ വെയിറ്റിംഗ് ഷെഡിൽ വെളിച്ചം എത്തിക്കുവാൻ മുൻസിപ്പാലിറ്റിയോ, ജന പ്രതിനിധികളോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി ഭവന്റെ വിളിപ്പാടകലെയാണ് ഈ വെയിറ്റിംഗ് ഷെഡുള്ളത്. കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര ദർശനം കഴിഞ്ഞ് വിവിധ ഭാഗങ്ങളിലേക്കു പോകാൻ എത്തുന്നവരും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കു ശേഷം ബസ് കാത്തുനിൽക്കുന്നവരും ഈ ഇരുട്ടത്താണ് ബസ് കാത്തുനിൽക്കുന്നത്.