കുളത്തുപ്പൂഴ: കടമാൻകോട് ശിവപുരം കണ്ടൻചിറ ഓയിൽപാം തോട്ടത്തിൽ കാട് വെട്ടിക്കൊണ്ടിരുന്ന വൃദ്ധയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ കാൽപാദം മുറിച്ചുമാറ്റി. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനി ബേബിക്കാണ് (65) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.
കളമാൻകോട് ശിവപുരത്ത് ഓയിൽപാം തോട്ടത്തിൽ കരാർ വ്യസ്ഥയിൽ കാട് വെട്ടുന്നതിന് എത്തിയതായിരുന്നു ബേബി ഉൾപ്പെട്ട സംഘം. ഇതിനിടെ ഒറ്റയാൻ പന്നി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മറ്റ് തൊഴിലാളികൾ ഓടിമാറി. ബേബി ഓടുന്നതിനിടെ നിലത്ത് വീണതോടെ പന്നി കാലിൽ കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയാണ് പന്നിയെ ഓടിച്ചത്. തുടർന്ന് ബേബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി കാൽ മുറിച്ചുമാറ്റി.
ഏഴംകുളം ഫോറസ്റ്റ് ഓഫീസ് അധികൃതരെത്തി ബേബിയുടെ മൊഴിയെടുത്തു. തുടയെല്ല് പൊട്ടിയിട്ടുള്ളതിനാൽ വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുളത്തൂപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ബേബിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
വനംവകുപ്പ് അധികൃതർ