കൊല്ലം: കരുണയില്ലാത്ത ഭോഗതൃഷ്ണ അന്ധമായ ചൂഷണ താത്പര്യത്തിലേക്ക് നയിക്കുമെന്നും നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നയിക്കുമെന്നും സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. 41 ദിവസം നീണ്ടു നിൽക്കുന്ന വ്യാസപ്രസാദം 24 വേദിയിൽ ഇരുപത്തിനാലാം ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകൃതി ശക്തികൾ നന്ദിക്കു കാത്തു നിൽക്കാതെ നിലനില്പിനും വളർച്ചയ്ക്കും പോഷണത്തിനും വേണ്ടതൊക്കെ ഒരുക്കിത്തരുന്നു. പ്രത്യുപകാരം ചെയ്യാനുള്ള മന:സ്ഥിതിയില്ലാത്തവർ കള്ളന്മാരാണെന്ന് ഭഗവാൻ നിരീക്ഷിച്ചിരിക്കുന്നു. പങ്കുവച്ചു ഭുജിക്കാനുള്ള സന്മനസ് കാണിക്കാത്ത ഭോഗാരാമന്മാർ പാപഭക്ഷകരാണ്. സഹകരണാത്മക ജീവിതത്തിന്റെ മഹിമ മനസിലാക്കിയവർ അത് പ്രചരിപ്പിക്കാൻ മനസിരുത്തണം. സ്വന്തം കാലുറപ്പിക്കലിന്റെ തത്രപ്പാടിൽ ചെയ്യുന്ന പ്രകൃതി ചൂഷണം പല പ്രകാരത്തിൽ തിരിച്ചടിക്കും. പശുവിന് വേണ്ട വിഭവങ്ങൾ നൽകി പോഷിപ്പിച്ച് പശുക്കിടാവിനു വേണ്ടത്ര പാൽ കുടിക്കാൻ അനുവദിക്കണം. പ്രകൃതിയിൽ അനവരതം നടക്കുന്ന സഹകരണത്തിന്റെ ചടുല യജ്ഞം കാണാൻ ശ്രദ്ധിക്കണം. വിദ്യാർത്ഥികളിൽ വിനയവും കൃതജ്ഞതയും പ്രതിബദ്ധതയും ഉണർത്തും വിധം വിദ്യാഭ്യാസ ശൈലി പരിഷ്കരിക്കണം. സൃഷ്ടിയുടെ മകുടത്തിൽ ശോഭിക്കുന്നവനാണ് മനുഷ്യൻ എന്ന അഭിമാനം തെറ്റില്ല. എന്നാൽ അതു നൽകുന്ന ഉത്തരവാദിത്വത്തെക്കുറിച്ചും ഓർമയുണ്ടാവണം. മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കുമെതിരെ അതിക്രമം കാണിക്കാനുള്ള അവകാശാധികാരം മനുഷ്യനില്ല. യജ്ഞ ഭാവന മനുഷ്യകുലത്തെ സൃഷ്ടി വൈഭവവുമായി ഇണക്കുന്ന കണ്ണിയാണ്. എടുക്കുന്നതിലധികം കൊടുക്കാനും അനുഭവിക്കുന്നതിൽ കൂടുതൽ ഉത്പാദിപ്പിക്കാനുമുള്ള ആഹ്വാനം ചെവിക്കൊള്ളണമെന്നും സ്വാമി പറഞ്ഞു. പ്രഭാഷണ പരമ്പര എന്നും വൈകിട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്ക്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിൽ നടക്കും.