
കരുനാഗപ്പള്ളി: കേരളം കണ്ടതിൽ ഏറ്റവും ശക്തനും പ്രഗത്ഭനുമായ ഭരണാധികാരിയും സാമ്പത്തിക വിദഗ്ദ്ധനും ഉജ്ജ്വല വാഗ്മിയുമായിരുന്നു ആർ.ശങ്കറെന്ന് മുൻ മന്ത്രി സി..ദിവാകരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെട്ടവരുടേയും ശബ്ദമില്ലാത്തവരുടേയും നാവായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പൊതു വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നടപ്പാക്കിയ വിപ്ലവകരമായ പ്രവർത്തനങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ മാറ്റി മറിച്ചു. നിയമസഭയിൽ ആർ.ശങ്കർ നടത്തിയിട്ടുള്ള ബഡ്ജറ്റ് പ്രസംഗങ്ങൾ ഇപ്പോഴും സമാജികൾ നിയമസഭയിൽ ഉദ്ധരിക്കാറുണ്ട്. ഇന്ന് രാഷ്ട്രീയത്തിൽ സജീവമായി ചർച്ച ചെയ്യുന്നത് കുഴൽപ്പണത്തെകുറിച്ചും കള്ളക്കേസുകളെ കുറിച്ചുമാണ്. ഇതുകൊണ്ട് തന്നെ പുതിയ തറമുറ രാഷ്ട്രീയത്തിലേക്ക് കടന്ന് വരാൻ വിമുഖത കാണിക്കുന്നു. തിരഞ്ഞെടുപ്പുകൾ സമ്പൂർണമായും സാമ്പത്തിക ക്രയവിക്രയത്തിന്റെ പിടിയിൽ അമരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എസ്. സലിംകുമാർ, പെൺഷണേഴ്സ് യൂണിയൻ പ്രസിഡന്റ് കെ. വിശ്വനാഥൻ, സെക്രട്ടറി അജിത്ത് കുമാർ, എസ്.എൻ സെൻട്രൾ സ്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധു സത്യദാസ്, എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പൽ സ്മിത, ആർ.എസ്.എം ഐ.ടി.ഐ പ്രിൻസിപ്പൽ പി.എസ്.ശ്രീകുമാർ, എസ്.എൻ കോളേജ് ആൻഡ് ഓപ്പൺ സ്കൂൾ പ്രിൻസിപ്പൽ സിനിറാണി, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, കെ.രാജൻ, അനിൽ ബാലകൃഷ്ണൻ, ബിജു രവീന്ദ്രൻ, ടി.ഡി. ശരത് ചന്ദ്രൻ, വി.എം. വിനോദ് കുമാർ, കെ.ബി.ശ്രീകുമാർ, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മ സോമരാജൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നീലികുളം സിബു, വനിതാ സംഘം നേതാക്കളായ അംബികാ ദേവി, മധുകുമാരി, സ്മിത, ഗീതാ ബാബു എന്നിവർ സംസാരിച്ചു. യൂണിയന്റെ പരിധിയിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ സി. ദിവാകരനും ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യൂണിയൻ പ്രിസിഡന്റ് കെ. സുശീലനും ഉപഹാരങ്ങൾ നൽകി ആദരിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.