t

കൊട്ടാരക്കര: ആർ.ശങ്കറിന്റെ 52-ാം ചരമ വാർഷിക ദിനാചരണം എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. രാവിലെ 9ന് 586-ാം നമ്പർ പാങ്ങോട് ശാഖ മന്ദിരാങ്കണത്തിൽ ദീപ പ്രോജ്വലനവും ദീപശിഖ കൈമാറലും യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് കൊട്ടാരക്കര യൂണിയൻ ചെയർമാൻ അനൂപ് കെ.രാജ്, യൂണിയൻ കൺവീനർ സി.ആർ.പ്രശാന്ത് എന്നിവർ ദീപശിഖ ഏറ്റുവാങ്ങി.

യൂണിയൻ അതിർത്തിയിലുള്ള വിവിധ ശാഖകളിലെ സ്വീകരണം ഏറ്റുവാങ്ങിയശേഷം കൊല്ലം ശങ്കേഴ്സ് ആശുപത്രി ഗ്രൗണ്ടിലുള്ള സ്മൃതി മണ്ഡപത്തിലേക്ക് കൊണ്ടു പോയി. ആറുമുറിക്കട ജംഗ്ഷനിൽ എത്തിയ ദീപശിഖാ റാലി കുണ്ടറ യൂണിയൻ അതിർത്തിയായ ആറുമുറിക്കടയിൽ യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി. 11ന് കൊട്ടാരക്കര യൂണിയൻ മന്ദിരാങ്കണത്തിലുള്ള ആർ.ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന നടന്നു. 11.15ന് യൂണിയൻ പ്ളാറ്റിനം ജൂബിലിമന്ദിരത്തിലെ ജി. ഗുരുദാസ് സ്മാരക പ്രാർത്ഥന ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. സതീഷ് സത്യപാലൻ അദ്ധ്യക്ഷനായി. നിയുക്ത ബോർഡ് മെമ്പറും മുൻ യൂണിയൻ സെക്രട്ടറിയുമായ ജി. വിശ്വംഭരൻ ചികിത്സാ സഹായ വിതരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ. നടരാജൻ, ബോർഡ് മെമ്പർമാരായ അഡ്വ. പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അ‌ഡ്വ.പി. അരുൾ സ്വാഗതവും യൂണിയൻ കൗൺസിലർ ആർ. വരദരാജൻ നന്ദിയും പറഞ്ഞു.