രണ്ടേക്കർ സർക്കാർ പുറമ്പോക്ക് കൈമാറി

കൊല്ലം: നീണ്ടകരയിൽ രണ്ടേക്കർ സർക്കാർ പുറമ്പോക്ക് സ്ഥലം മത്സ്യഫെഡിന് കൈമാറിയതോടെ, മത്സ്യബന്ധന വല നിർമ്മാണ ഫാക്ടറിയുടെ നിർമ്മാണം വൈകാതെ ആരംഭിക്കും. മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ വിലയ്ക്ക് വല ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

42 കോടിയുടെ പദ്ധതിയാണ് ഫാക്ടറി നിർമ്മാണത്തിനായി മത്സ്യഫെഡ് തയ്യാറാക്കിയിരിക്കുന്നത്. കഴി‌ഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ വല നിർമ്മാണ ഫാക്ടറിക്കായി അഞ്ച് കോടി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലായി മത്സ്യഫെഡിന് നിലവിൽ മൂന്ന് വല നിർമ്മാണ ഫാക്ടറികളുണ്ട്. ആവശ്യമുള്ളതിന്റെ 30 ശതമാനം വല മാത്രമേ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളു. ബാക്കി ആന്ധ്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയിടങ്ങളിലെ സ്വകാര്യ കമ്പനികളിൽ നിന്നാണ് വാങ്ങുന്നത്.

മത്സ്യഫെഡിന്റെ ഫാക്ടറികളിൽ വല നിർമ്മാണത്തിനുള്ള നാര് സ്വകാര്യ കമ്പനികളിൽ നിന്നാണ് വാങ്ങുന്നത്. ചെലവ് കുറയ്ക്കാൻ ആലപ്പുഴയിൽ മത്സ്യഫെഡ് പുതിയ വല നാര് നിർമ്മാണ ഫാക്ടറി ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഉത്പാദനം പൂർണതോതിലാകുന്നതോടെ കൊല്ലം അടക്കമുള്ള നാല് ഫാക്ടറികൾക്കുമുള്ള വല നാര് പുറത്ത് നിന്നു വാങ്ങുന്നത് ഒഴിവാക്കാം. ഇതോടെ വലയുടെ വിലയിലും കുറവുണ്ടാകും.

വലയുടെ വില നിയന്ത്രി​ക്കപ്പെടും

 വലയുടെ വില കിലോയ്ക്ക് 250 രൂപ മുതൽ

 മൂന്ന് ഫാക്ടറികളിലെ ശരാശരി ഉത്പാദനം 1200 ടൺ

 കൊല്ലത്ത് ലക്ഷ്യമിടുന്നത് 400 ടൺ

 വലയുടെ ആഭ്യന്തര ഉത്പാദനം ആവശ്യത്തിന്റെ 30 %

 70 % പുറത്ത് നിന്ന് വാങ്ങുന്നു

 ഭൂമി കൈമാറിയത് ഉപയോഗാനുമതിയിൽ
 പാട്ടം പിന്നീട് നിശ്ചയിക്കും

'' ബഡ്ജറ്റിൽ പ്രഖ്യാപിച്ച അഞ്ച് കോടിക്കായി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്നതിന് പിന്നാലെ നിർമ്മാണം ആരംഭിക്കാനാണ് ആലോചന. സമാന്തരമായി കേന്ദ്ര സർക്കാരിനോട് സഹായം ആവശ്യപ്പെടും. ബാങ്കുകളുമായി വായ്പയ്ക്കും ചർച്ച നടക്കുന്നുണ്ട്.''

ഡോ. പി. സഹദേവൻ (മത്സ്യഫെഡ് എം.ഡി)