കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി യാത്രികരായ 8 പേരുടെ ജീവനെടുത്ത വവ്വക്കാവ് ട്രെയിൻ അപകടത്തിന് ഇന്ന് 37 വയസ്. നാടിനെ നടുക്കിയ ആ ദുരന്തം, അന്ന് ബസിലെ കണ്ടക്ടറായിരുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് തെക്കേയറ്റത്ത് വീട്ടിൽ തുളസീധരന്റെ ഓർമ്മകളിൽ ഞെട്ടലായി ഇപ്പോഴുമുണ്ട്. മരണത്തിന്റെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും മൂന്നു പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്ത തുളസീധരന് അർഹമായ യാതൊരു അംഗീകാരവും സ്ഥാപനത്തിൽ നിന്നോ സർക്കാരിൽ നിന്നോ ലഭിച്ചില്ലെന്ന നിരാശ ഇപ്പോഴുമുണ്ട്.
വവ്വാക്കാവ് പാവുമ്പ റോഡിലെ കുറുങ്ങപ്പള്ളി റെയിൽവേ ഗേറ്റിൽ 1987 നവംബർ എട്ടിനായിരുന്നു അപകടം. കൊല്ലം- പാവുമ്പ റൂട്ടിൽ സർവീസ് നടത്തിയ എ 131 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് റെയിൽവേ ഗേറ്റിലേക്ക് ഇടിച്ചുകയറി രണ്ടു ഗേറ്റുകൾക്കുമിടയിൽ കുടുങ്ങുകയായിരുന്നു. ഈ സമയം കുതിച്ചെത്തിയ ജയന്തിജനത എക്‌സ്‌പ്രസ്, ബസിനെ ഇടിച്ചു പിളർത്തി. ഡ്രൈവറും വിമുക്ത ഭടനുമായ മണപ്പള്ളി മല്ലൻകുളത്ത് രാഘവൻപിള്ള (52) ഉൾപ്പെടെ 21 യാത്രക്കാരിൽ എട്ടുപേർ ചിന്നിച്ചിതറി. രക്ഷാ പ്രവർത്തനത്തിനിടെ ഭാഗ്യംകൊണ്ടു ജീവൻ തിരിച്ചുകിട്ടിയ തുളസീധരൻ ആ ദുരന്തം ഓർമ്മിക്കുന്നു...
'രാവിലെ 10.30 ന് മണപ്പള്ളിയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സർവീസ് തുടങ്ങുമ്പോൾ ഏതാനും യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കുരിശിൻമൂട് ജംഗ്ഷൻ പിന്നിട്ടപ്പോൾ യാത്രക്കാർ 21 ആയി. അതിനുശേഷമാണ് ബസിന്റെ ബ്രേക്ക് പോയത്. ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. എങ്ങും ഇടിച്ചു നിറുത്താൻ സാധിക്കാതെ വന്നപ്പോൾ, ഡ്രൈവർ രാഘവൻപിള്ള ഗേറ്റിൽ ഇടിച്ചുനിറുത്താം എന്നു കരുതി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഗേറ്റ് ഇടിച്ചു തകർത്ത് ബസ് റെയിൽവേ ട്രാക്കിലേക്ക് കടന്നു. ഗേറ്റ് കീപ്പറായിരുന്ന അഗസ്റ്റിന്റെ നെഞ്ച് പിടഞ്ഞു. നിമിഷങ്ങൾക്കകം ജയന്തി ജനത പാഞ്ഞു വരും. ബസ് തള്ളിമാറ്റാൻ അഭ്യർത്ഥിച്ചുകൊണ്ട് അഗസ്റ്റിനും ഞാനും ചാടിയിറങ്ങി. പക്ഷേ ഗേറ്റിന്റെ ചിതറിത്തെറിച്ച ഭാഗങ്ങൾ ചക്രങ്ങളിൽ കുടുങ്ങിയതിനാൽ ബസ് തെല്ലും ചലിച്ചില്ല. ട്രെയിന്റെ വരവ് കണ്ട് ഗേറ്റ് കീപ്പർ ചുവന്ന കൊടിയുമായി വടക്കോട്ട് ഓടി. പക്ഷേ, എൻജിൻ ഡ്രൈവർ നിസ്സഹായനായിരുന്നു. ബസിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു ഡ്രൈവർ രാഘവൻപിള്ളയും ഞാനും. ട്രെയിനിന്റെ വരവ് കണ്ടു പേടിച്ചിരുന്ന മൂന്നു സ്ത്രീകളുമായി ഞാൻ പുറത്തേക്ക് ചാടിയതും ബസ് നെടുകെ പിളർന്ന് ട്രെയിൻ ചീറിപ്പാഞ്ഞതും സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു. രാഘവൻ പിള്ളയും ദുരന്തത്തിന് ഇരയായി. അവസാന ബോഗിവരെ ബസിനെ മറികടന്നപ്പോഴാണ് ട്രെയിൻ നിന്നത്. ബസ് നിരവധി കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ശരീരങ്ങൾ ഛിന്നഭിന്നമായി. ഭയാനകരംഗങ്ങൾ ഓർക്കുമ്പോൾത്തന്നെ നടുങ്ങുകയാണ്..'- തുളസീധരൻ പറഞ്ഞു.
പരിഗണിച്ചില്ല, അവഗണിച്ചു
തുളസീധരന് കെ.എസ്.ആർ.ടി.സി യിൽ നിന്നോ സർക്കാരിൽ നിന്നോ യാതൊരു പരിഗണനയും ലഭിച്ചില്ല. കണ്ടക്ടറായി സർവീസിൽ കയറി കണ്ടക്ടറായിത്തന്നെ വിരമിക്കേണ്ടി വന്നു. സംഭവമുണ്ടായി 13 വർഷത്തിന് ശേഷം റിവാർഡ് നൽകാൻ ശുപാർശ ചെയ്തുകൊണ്ടുള്ള എം.ഡിയുടെ കത്ത് മാത്രമാണ് ലഭിച്ചത്. മരണത്തെ മുഖാമുഖം കണ്ട, മൂന്നുപേരുടെ ജീവൻ രക്ഷിച്ച തുളസീധരനെ അടുത്തിടെ ഒരു സംഘടന ആദരിച്ചു. സർക്കാരും കെ.എസ്.ആർ.ടി.സി യും അവഗണിച്ചെങ്കിലും താൻ രക്ഷപ്പെടുത്തിയവരുടെ സ്നേഹാദരങ്ങൾ മറ്റെന്തിനേക്കാളും വിലമതിക്കാനാവുന്നതാണെന്ന് തുളസീധരൻ പറയുന്നു.