 
അഞ്ചാലുംമൂട്: ദേശീയപാത 66 ലെ (പഴയ ബൈപ്പാസ്) റോഡുകളിൽ മണ്ണ് കൂടി കിടക്കുന്നത്, വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കാവനാട്, കുരീപ്പുഴപാലം, നീരാവിൽ പാലം, പള്ളിവേട്ടച്ചിറ, ഒറ്റക്കൽ ജംഗ്ഷൻ, ഒറ്റക്കല്ലിൽ നിന്ന ബാലൻവിള മുക്കിലേക്ക് പോകുന്ന ഭാഗം, കടവൂർ മങ്ങാട് പാലം, എന്നിവിടങ്ങളിലാണ് റോഡിന്റെ ഇരുവശങ്ങളിലുമായി മണ്ണ് അടിഞ്ഞുകൂടി കിടക്കുന്നത്.
ഇരുചക്രവാഹന യാത്രക്കാരാണ് മണ്ണ് മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത്. ദേശീയപാതയിലൂടെ വലിയ വാഹനങ്ങൾ പോകുന്ന സമയത്ത് ഇരുചക്രവാഹനങ്ങൾ ഒരു വശം ചേർന്ന് പോകേണ്ടിവരികയും ഈ സമയം ഇരു ചക്രവാഹനങ്ങളുടെ ടയറുകൾ ഈ മണ്ണിൽ കയറുകയും വാഹനം നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തികൾക്ക് കൊണ്ടുപോകുന്നതിനിടയിൽ വീഴുന്ന മണ്ണും മറ്റ് വാഹനങ്ങൾ കടന്നുപോകുമ്പോൾ അതിൽ നിന്ന് വീഴുന്ന മണ്ണുമാണ് റോഡിൽ കൂടിക്കിടക്കുന്നത്.
ദേശീയപാത നിർമ്മാണ ചുമതലയുള്ള കമ്പനിയാണ് റോഡിലെ കൂടികിടക്കുന്ന മണ്ണ് വൃത്തിയാക്കേണ്ടത്. എന്നാൽ നാട്ടുകാരും പൊലീസും കൗൺസിലർമാരുൾപ്പെടെ മണ്ണിന്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും മണ്ണ് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. റോഡുകൾക്ക് പുറമേ പാലത്തിലെ റോഡുകളിൽ മണ്ണ് കൂടിക്കിടക്കുന്നതാണ് കൂടുതൽ അപകടകരമായിട്ടുള്ളത്. പാലത്തിൽ വച്ച് വാഹനങ്ങൾ നിയന്ത്രണം തെറ്റിയാൽ മറ്റ് വാഹനങ്ങൾക്ക് അടിയിലേക്ക് വീണ് മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് പല യാത്രക്കാർക്കും അപകടങ്ങളിൽപ്പെട്ടിട്ടും ജീവൻ തിരികെ കിട്ടിയത്. ദേശീയപാത 66 ന്റെ നിർമ്മാണത്തിന്റെ ഭാഗമായി ഓടയ്ക്കും മറ്റും എടുത്ത കുഴികളിലെ മണ്ണ് റോഡിന് വശത്താണ് കൂട്ടിയിട്ടിരിക്കുന്നത്.
മഴയത്ത് ഈ മണ്ണ് റോഡിലേക്ക് വീഴുകയും ഇവ മൺകൂനയായി റോഡിന് ഒരുവശത്ത് കിടക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇത്തരം മൺകൂനകൾ ഇരുചക്രാവാഹനങ്ങൾക്ക് പുറമേ കാർ യാത്രക്കാർക്കും ഓട്ടോറിക്ഷക്കാർക്കും ഭീഷണിയാകുന്നുണ്ട്.
സന്ധ്യമയങ്ങിയാൽ കൂരിരുട്ട്
 ദേശീയപാത 66 ൽ നിർമ്മാണത്തിന്റെ പേരിൽ വൈദ്യൂതി കണക്ഷനുകളെല്ലാം വിച്ഛേദിച്ചു
 സന്ധ്യമയങ്ങിയാൽ ബൈപ്പാസിലെ റോഡുകളെല്ലാം ഇരുട്ടിൽ
 ജീവൻ പണയം വച്ചാണ് ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ബൈപ്പാസ് കടക്കുന്നത്
 വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ റോഡിലെ മണ്ണ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല
 ഇത് മൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു
 സ്ത്രീകളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്
 ഇരുട്ടായതിനാൽ അപകടം പറ്റി കിടന്നാലും ആരുടെയും ശ്രദ്ധയിൽപ്പെടില്ല
എത്രയും വേഗം റോഡുകളിൽ കൂടിക്കിടക്കുന്ന മണ്ണ് ഒഴിവാക്കി യാത്ര സുഗമമാക്കണം.
യാത്രക്കാർ