colle

കൊല്ലം: ഒന്ന് മുതൽ ഏഴുവരെ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം സമാപിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു.

മലയാള ഭാഷയുടെ ലളിതമായ പ്രയോഗവത്കരണം ഔദ്യോഗിക സംവിധാനത്തിൽ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കത്തിടപാടുകളും പൊതുജനങ്ങൾക്കുള്ള സേവനങ്ങളും പരമാവധി സാധാരണക്കാർക്ക് മനസിലാകും വിധം ലളിതവത്കരിക്കണമെന്നും അതേസമയം പദാനുപദ തർജ്ജമ നടത്തി സങ്കീർണമാക്കരുതെന്നും കളക്ടർ ഓർമ്മിപ്പിച്ചു.

ജീവനക്കാർക്കായി നടത്തിയ ഭരണഭാഷാ പ്രശ്നോത്തരി, കവിതാലാപന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു.. ശാസ്താംകോട്ട ഡി.ബി കോളേജ് മലയാളം വിഭാഗം റിട്ട. പ്രൊഫസർ ഡോ.എസ്.സുദർശന ബാബു മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടർ (എൽ.എ) എഫ്.റോയ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്.അരുൺ, അസി. എഡിറ്റർ ആർ.ഗ്രീഷ്മ തുടങ്ങിയവർ സംസാരിച്ചു.