photo

പുനലൂർ: ശബരിമല സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടന്നു വരുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് കാഴ്ച മറയ്ക്കും വിധമുള്ള കുറ്റിക്കാടുകൾ ഭീഷണിയാവുന്നു.

ദേശീയപാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള അന്തർസംസ്ഥാന പാതയോരത്തെ കാടുകളാണ് വളർന്ന് നടപ്പാതയിലേക്കും റോഡിലേക്കും ഇറങ്ങിയത്. പാതയിലെ കൊടും വളവുകൾ തിരിഞ്ഞെത്തുന്ന വാഹനങ്ങൾക്ക് കാടുകൾ വളർന്ന് ഉയർന്നതോടെ എതിർ ദിശയിൽ നിന്നെത്തുന്ന എത്തുന്ന മറ്റു വാഹനങ്ങളെ കാണാൻ കഴിയില്ല. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഡ്രൈവർമാർ പറയുന്നു. 16ന് വൃശ്ചികമാസം ആരംഭിക്കുമെങ്കിലും അതിന് മുമ്പ് മണ്ഡല പൂജയുടെ ഭാഗമായി ശബരിമല നട തുറക്കും. ഇത് കണക്കിലെടുത്ത്, രണ്ട് ദിവസം കൂടി കഴിയുമ്പോൾ തമിഴ്നാട്, കർണാടക,ആന്ധ്ര, പോണ്ടിച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് അയ്യപ്പൻമാരുമായി നൂറുകണക്കിന് വാഹനങ്ങൾ തമിഴ്നാട് അതിർത്തിയായ കോട്ടവാസലിലെ ദേശീയപത വഴി കേരളത്തിലേക്ക് കടന്നുവരും. ഇതുവഴി എത്തുന്ന അയ്യപ്പഭക്തർക്ക് മറ്റ് സൗകര്യങ്ങളെല്ലാം ഒരുക്കി നൽകുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ദേശീയപാതയോരത്തെ കാടുകൾ നീക്കം ചെയ്യാൻ നടപടി ഒന്നുമില്ല.

കാൽനടയും ബുദ്ധിമുട്ടിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പാറ, ക്വാറി ഉത്പന്നങ്ങൾ കയറ്റി ടോറസ് ലോറികൾ അടക്കം ദിവസവും 300ൽ അധികം വാഹനങ്ങളാണ് ഈ റോഡുവഴി കടന്നു പോകുന്നത്. നടപ്പാതയിലേക്ക് പുൽച്ചെടികളും മറ്റും വളർന്ന് ഇറങ്ങിയതിനാൽ കാൽനട യാത്രക്കാരും ദുരിതത്തിലാണ്. പാതയോരത്തെ ഓടയുടെ മുകളിലേക്കും കാട് വളർന്ന് കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർ ഓടയിൽ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എത്രയും വേഗം കാടുതെളിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.