
ചാത്തന്നൂർ: ഗുരുദേവ സൂക്തങ്ങൾ ജീവിതദർശനമാക്കി ഒരു വലിയ ജനസമൂഹത്തിന് അറിവിന്റെ വെളിച്ചം പകർന്ന ധിഷണാശാലിയായ നേതാവായിരുന്നു ആർ.ശങ്കറെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ എം.പി.മന്മഥൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപകൻ, അഭിഭാഷകൻ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ കരുത്തനായ നേതാവ്, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, വാഗ്മി, കലാസ്വാദകൻ, തുടങ്ങി ഏത് വിശേഷണങ്ങൾക്കും അനുയോജ്യനായ അപൂർവ വ്യക്തിത്വമായിരുന്നു
ആർ.ശങ്കർ. അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോഴാണ് രാജ്യത്ത് ആദ്യമായി വിധവാ പെൻഷനും വാർദ്ധക്യകാല പെൻഷനും അനുവദിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ മാത്രമല്ല എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന സ്ഥാനത്തിരുന്നും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്‌തുലമാണെന്നും എം.പി.മന്മഥൻ പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. യൂണിയൻ അസി. സെക്രട്ടറി കെ.നടരാജൻ സംസാരിച്ചു. കെ.വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.സജീവ് നന്ദിയും പറഞ്ഞു.